വിറപ്പിച്ച് അജയ് റായ്, മോദിയെ ‘പിന്നിലാക്കിയ’ പോരാട്ടം; ഹിന്ദി മേഖലയിൽ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ മുന്നേറ്റം
Mail This Article
വോട്ടെണ്ണൽ ദിനം രാവിലെ ഒൻപതരയോടെ ടിവി ചാനലുകളിൽ തെളിഞ്ഞൊരു ചിത്രമുണ്ട്– വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറായിരത്തോളം വോട്ടിനു പിന്നിൽ. മോദി ജയിച്ചുകയറിയെങ്കിലും അൽപ നേരത്തേക്കെങ്കിലും മോദിയെ പിന്നിലാക്കിയ അജയ് റായ്ക്ക് ഇപ്പോൾ കോൺഗ്രസിൽ താരപരിവേഷമാണ്. ഹിന്ദി മേഖലയിൽ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായാണ് വാരാണസിയിലെ പോരാട്ടം വിശേഷിപ്പിക്കപ്പെടുന്നത്.
2019 ൽ മോദിക്കെതിരെ മത്സരിച്ച അജയ് 4.79 ലക്ഷം വോട്ടിനാണു തോറ്റത്. ഇക്കുറി സ്ഥാനാർഥിയായി അദ്ദേഹത്തെ വീണ്ടും കോൺഗ്രസ് കളത്തിലിറക്കിയപ്പോൾ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്ന് ബിജെപി കണക്കുകൂട്ടി. പക്ഷേ, മോദിക്കു മുന്നിൽ വിറയ്ക്കാതെ അജയ് പൊരുതി. കോൺഗ്രസ് സംഘടനാസംവിധാനം ഫലപ്രദമായി ചലിച്ചു. സമാജ്‌വാദി പാർട്ടിയുടെ കരുത്തുറ്റ പിന്തുണയും ചേർന്നതോടെ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷമായി കുറഞ്ഞു.
ഹിന്ദു സമുദായം ഒന്നടങ്കം മോദിക്കു പിന്നിൽ അണിനിരക്കുന്ന സ്ഥിതി ഇക്കുറിയുണ്ടായില്ലെന്നാണു തിരഞ്ഞെടുപ്പ് ചിത്രം നൽകുന്ന സൂചന. ദലിത്, ഒബിസി വോട്ടുകളിൽ വലിയൊരു ഭാഗം ഇന്ത്യാസഖ്യത്തിനൊപ്പം നിന്നു. ഭൂമിഹാർ (ബ്രാഹ്മണ) വിഭാഗക്കാരനായ അജയ്ക്ക് ആ വഴിയും വോട്ട് ലഭിച്ചതോടെ ബിജെപിയുടെ കോട്ടയിൽ വിള്ളൽ വീണു. മോദിയുടെയും റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെയും ഭൂരിപക്ഷം താരതമ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. 3.90 ലക്ഷമാണ് രാഹുലിന്റെ ഭൂരിപക്ഷം. മോദിയുടേതിനെക്കാൾ 2 ലക്ഷത്തിലധികം.