പുരി ക്ഷേത്രത്തിലെ നിലവറ തുറക്കുന്നു, 46 വർഷത്തിനു ശേഷം
Mail This Article
ഭുവനേശ്വർ ∙ താക്കോൽ കളഞ്ഞുപോയെന്ന വിവാദമുണ്ടായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയായ ‘രത്ന ഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറന്ന് കണക്കെടുക്കും. 14ന് നിലവറ തുറന്ന് കണക്കെടുക്കാനായി ഡ്യൂപ്ലിക്കറ്റ് താക്കോൽ ഹാജരാക്കാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്ക് ജസ്റ്റിസ് ബിശ്വനാഥ് രഥ് ചെയർമാനായ ഉന്നത തല സമിതി നിർദേശം നൽകി. താക്കോൽ എത്തിച്ചില്ലെങ്കിൽ പൂട്ടുപൊളിക്കാനാണ് തീരുമാനം. 1978 ലാണ് ഭണ്ഡാരം ഏറ്റവും അവസാനമായി തുറന്നത്.
ക്ഷേത്രത്തിലെ ഭണ്ഡാരം അടുത്തു നടന്ന ലോക്സഭാ– നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വലിയ വിവാദ വിഷയമായിരുന്നു. അധികാരത്തിലെത്തിയാൽ ഭണ്ഡാരം തുറന്ന് കണക്കെടുപ്പ് നടത്തുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
ഭണ്ഡാരത്തിന്റെ താക്കോൽ 2018 ഏപ്രിലിൽ കാണാതായിരുന്നു. ഒഡീഷ ഹൈക്കോടതിയുടെ നിർദേശപ്രകാരം കെട്ടിടത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട പരിശോധന നടക്കുമ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയായിരുന്ന നവീൻ പട്നായിക് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ജുഡീഷ്യൽ അന്വേഷണ ഉത്തരവ് പുറത്തുവന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ പുരി ജില്ലാ കലക്ടർക്ക് ഡ്യൂപ്ലിക്കറ്റ് താക്കോൽ അയച്ചുകിട്ടി.
ക്ഷേത്ര നിയമാവലി അനുസരിച്ച് ഭണ്ഡാരം 3 വർഷത്തിലൊരിക്കലാണ് തുറന്നുപരിശോധിക്കേണ്ടത്. ഏറ്റവും ഒടുവിൽ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ട് പ്രകാരം 149.47 കിലോ സ്വർണവും 198.79 കിലോ വെള്ളിയും ഭണ്ഡാരത്തിലുണ്ട്.