കശ്മീർ, ഹരിയാന വോട്ടെണ്ണൽ ഇന്ന്
Mail This Article
ന്യൂഡൽഹി ∙ ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്നു രാവിലെ 8ന് തുടങ്ങും. എക്സിറ്റ് പോളുകൾ ഹരിയാനയിൽ ഭൂരിപക്ഷവും ജമ്മു കശ്മീരിൽ ബിജെപി ഇതര പാർട്ടികൾക്കു മുൻതൂക്കവും പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണു കോൺഗ്രസ്. അതേസമയം, രണ്ടിടത്തും ബിജെപി പ്രതീക്ഷ കൈവിട്ടിട്ടില്ല. 90 വീതം സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്.
ജമ്മു കശ്മീരിൽ കോൺഗ്രസ്–നാഷനൽ കോൺഫറൻസ് സഖ്യത്തിനാണ് അഭിപ്രായ സർവേകളിൽ നേരിയ മുൻതൂക്കം. എന്നാൽ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും (പിഡിപി) സ്വതന്ത്രരുടെയും പിന്തുണ നിർണായകമാകുമെന്നാണു ബിജെപിയുടെ കണക്കു കൂട്ടൽ. ഏറ്റവുമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന 2014ൽ പിഡിപി–ബിജെപി സഖ്യമാണ് സർക്കാർ രൂപീകരിച്ചത്.
ഹരിയാനയിൽ, കോൺഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാൽ ഇതര കക്ഷികളുമായി ചേർന്നു സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമിക്കും. 2019 ൽ ബിജെപി 40 സീറ്റും ജെജെപി 10 സീറ്റും നേടിയപ്പോൾ ജെജെപിയുടെ പിന്തുണയോടെ ബിജെപി അധികാരത്തിലെത്തി.