ബാബാ സിദ്ദിഖി വധം: പിടിയിലായത് ബിഷ്ണോയ് സംഘാംഗങ്ങൾ തന്നെ
Mail This Article
മുംൈബ ∙ മുൻ മന്ത്രിയും നടൻ സൽമാൻ ഖാന്റെ ഉറ്റസുഹൃത്തുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രവീൺ ലോൻകർക്കും പൊലീസ് തിരയുന്ന ഇയാളുടെ സഹോദരൻ ശുഭം ലോൻകർക്കും ഗൂഢാലോചനയിൽ പ്രധാന പങ്കുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി. ഇരുവർക്കും ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ് സംഘവുമായി അടുത്ത ബന്ധമുണ്ട്.
ഞായറാഴ്ച രാത്രി അറസ്റ്റിലായ പ്രവീണിനെ കോടതി 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഇനിയും പിടികിട്ടാനുള്ള മുഹമ്മദ് ഷീസാൻ അക്തറിനും കുറ്റകൃത്യ ആസൂത്രണത്തിൽ പ്രധാന പങ്കുണ്ട്. ഇയാളും ലോൻകർ സഹോദരൻമാരും ചേർന്നാണ് ആയുധങ്ങൾ സംഘടിപ്പിച്ചത്.
ഹരിയാന സ്വദേശി ഗുർമൈൽ സിങ് (23), യുപി സ്വദേശി ധർമരാജ് കശ്യപ് (19) എന്നിവർ ശനിയാഴ്ച തന്നെ അറസ്റ്റിലായിരുന്നു. പ്രായപൂർത്തിയായിട്ടില്ലെന്ന ധർമരാജിന്റെ അവകാശവാദം തെറ്റാണെന്നു തെളിഞ്ഞിരുന്നു.
സിദ്ദിഖിക്കുനേരെ വെടിവച്ച ശിവകുമാർ ഗൗതം ഇപ്പോഴും ഒളിവിലാണ്. ശനിയാഴ്ച രാത്രി ബാന്ദ്രയിലെ മകന്റെ ഓഫിസിൽ നിന്നു കാറിൽ കയറുമ്പോഴാണ് ബാബാ സിദ്ദിഖിക്കു നേരെ വെടിവയ്പുണ്ടായത്. സിദ്ദിഖിയുടെ മകനും ബാന്ദ്ര ഈസ്റ്റ് എംഎൽഎയുമായ സീഷാൻ സിദ്ദിഖിയെയും ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടിരുന്നതായി സൂചനയുണ്ട്.
ഇതിനിടെ, ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയെ ചോദ്യംചെയ്യാനുള്ള മുംബൈ പൊലീസിന്റെ ആവശ്യം സുരക്ഷാകാരണം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചു.