ADVERTISEMENT

ന്യൂഡൽഹി ∙ മുതിർന്ന പൗരർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനുള്ള 18% ജിഎസ്ടി (ചരക്ക് സേവന നികുതി) പൂർണമായി ഒഴിവാക്കിയേക്കും. മറ്റുള്ളവർക്ക് 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസിന് ഇതേ ഇളവു നൽകാനാണ് ആലോചന. ഇതിനു മുകളിലുള്ളവയ്ക്ക് 18% നികുതി തുടർന്നേക്കും. ജിഎസ്ടി കൗൺസിൽ നിയോഗിച്ച മന്ത്രിതലസമിതിയുടെ ഇന്നലത്തെ യോഗത്തിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലും ഉൾപ്പെട്ട സമിതി ഡിസംബറിലെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച ശുപാർശ നൽകും. ജിഎസ്ടി കൗൺസിലാകും അന്തിമ തീരുമാനമെടുക്കുക. 

ടേം ലൈഫ് ഇൻഷുറൻസിനുള്ള ജിഎസ്ടിയും മുതിർന്ന പൗരർക്കു പൂർണമായി ഒഴിവാക്കാനാണു സാധ്യത. സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന തരത്തിൽ നികുതി ക്രമീകരിക്കണമെന്നാണ് കേരളമടക്കം മിക്ക സംസ്ഥാനങ്ങളും യോഗത്തിൽ ആവശ്യപ്പെട്ടത്. 

ഇളവു വഴി കേരളത്തിന്റെ നികുതിവരുമാനത്തിൽ വർഷം 200– 300 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം ഓഗസ്റ്റിൽ പാർലമെന്റ് പരിസരത്തു ധർണ നടത്തിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ധനമന്ത്രി നിർമല സീതാരാമന് ഇക്കാര്യമാവശ്യപ്പെട്ട് കത്തയയ്ക്കുകയും ചെയ്തിരുന്നു.

ആരോഗ്യ ഇൻഷുറൻസ്: 3 വർഷത്തെ നികുതി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പിരിച്ച തുക ; 21,255 കോടി*

2021-22: 5354.28 കോടി രൂപ

22-23: 7638.33 കോടി രൂപ

23-24: 8262.94 കോടി രൂപ

നോട്ട്ബുക്കിന് നികുതി കുറയും; ആഡംബര വാച്ചിന് കൂടും

ന്യൂഡൽഹി∙ ചില നിത്യോപയോഗവസ്തുക്കളുടെ നികുതി കുറയ്ക്കുന്നതും ആഡംബരവസ്തുക്കളുടെ നികുതി കൂട്ടുന്നതും ജിഎസ്ടി നിരക്കു പരിഷ്കരണ സമിതി ചർച്ച ചെയ്തു. 20 ലീറ്ററിനു മുകളിലുള്ള പാക്കേജ്ഡ് കുടിവെള്ളം, നോട്ട്ബുക്ക്, 10,000 രൂപയ്ക്ക് താഴെയുള്ള സൈക്കിൾ എന്നിവയുടെ നികുതി കുറച്ചേക്കും. 10,000 രൂപയ്ക്കു മുകളിലുള്ള ഷൂസ്, 25,000 രൂപയ്ക്കു മുകളിലുള്ള വാച്ച് എന്നിവയ്ക്കു നികുതി കൂട്ടുന്നതും പരിഗണനയിലുണ്ട്.

English Summary:

Health Insurance GST: Full Exemption Recommended for Senior Citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com