ADVERTISEMENT

ശ്രീനഗർ ∙ തിരക്കേറിയ ‍ഞായറാഴ്ചച്ചന്തയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 11 പേർക്കു പരുക്കേറ്റു. സുരക്ഷാസേനയുടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ എറിഞ്ഞ ഗ്രനേഡ് റോഡിൽ വീണു പൊട്ടുകയായിരുന്നു. പരുക്കേറ്റവരെല്ലാം നാട്ടുകാരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാക്ക് ഭീകരസംഘടന ലഷ്കറെ തയിബയുടെ കമാൻഡറെ ഖന്യാറിൽ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിച്ചതിനു പിറ്റേന്നാണ് ഗ്രനേഡ് ആക്രമണം. ശൈത്യകാല ഷോപ്പിങ്ങിനായി ആയിരങ്ങൾ എത്തിയ സമയത്താണു ആക്രമണം നടത്തിയത്. 

ഒക്ടോബർ 16ന് ഒമർ അബ്ദുല്ല സർക്കാർ സത്യപ്രതിജ്ഞ ചെയ്തശേഷം കശ്മീരിൽ ഭീകരർ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ ഒടുവിലത്തേതാണിത്. ശനിയാഴ്ച ബഡ്ഗാം ജില്ലയിൽ ജലജീവൻ പദ്ധതിപ്രദേശത്തു ഭീകരരുടെ വെടിവയ്പിൽ ഉത്തർപ്രദേശിൽനിന്നുള്ള 2 തൊഴിലാളികൾക്കു പരുക്കേറ്റിരുന്നു.

ഒക്ടോബർ 23ന് ഗഗൻഗീറിൽ ടണൽ പണിക്കെത്തിയ തൊഴിലാളികൾക്കുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ഡോക്ടറും 6 തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. 24ന് ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ സൈനിക ട്രക്കിനുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 3 സൈനികരും 2 ചുമട്ടുകാരും മരിച്ചു.

നിയന്ത്രണരേഖയ്ക്ക് സമീപം പാക്ക് ആയുധപരീക്ഷണം

ശ്രീനഗർ ∙ പുതിയതായി വികസിപ്പിച്ച പ്രതിരോധ സാമഗ്രികളുടെ പരീക്ഷണം പാക്കിസ്ഥാൻ നടത്തി. ട്രക്കിൽ ഘടിപ്പിക്കുന്ന 155 എംഎം പീരങ്കി ഉൾപ്പെടെയുള്ളവയാണ് നിയന്ത്രണരേഖയ്ക്കടുത്തു പരീക്ഷിച്ചത്. ചൈനീസ് കമ്പനിയുടെ മേൽനോട്ടത്തിലാണ് 155 എംഎം പീരങ്കികൾ നിർമിക്കുന്നത്.

30 കിലോമീറ്റർ ആക്രമണപരിധിയുള്ള ഇവയിൽനിന്നു മിനിറ്റിൽ 6 തവണ വെടിയുതിർക്കാനാകും. 24 കിലോമീറ്റർ ആക്രമണപരിധിയുള്ളതും 40 സെക്കൻഡിൽ 6 ബോംബുകൾ വിക്ഷേപിക്കാവുന്നതുമായ പുതിയ എം109 പീരങ്കികളും പരീക്ഷിച്ചു.

English Summary:

Grenade attack in market in Kashmir 11 people were injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com