‘മദ്രസകളുടെ ലക്ഷ്യം വിദ്യാഭ്യാസം തന്നെ’: ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി ∙ മതബോധനം നടത്തുമ്പോൾ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന നിരീക്ഷണത്തോടെ ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം (2004) സുപ്രീം കോടതി ശരിവച്ചു. മതനിരപേക്ഷത ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്ന വിലയിരുത്തലോടെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതിക്കു പിഴവു സംഭവിച്ചെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

തുല്യതയുടെ വശങ്ങളിലൊന്നാണ് മതനിരപേക്ഷത. തുല്യതയുടെയും മതനിരപേക്ഷതയുടെയും അടിസ്ഥാന തത്വം പാലിച്ചാണ് മത–ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനയുടെ 30–ാം വകുപ്പിലൂടെ സവിശേഷ അവകാശങ്ങൾ നൽകിയിട്ടുള്ളത്. അതിനാൽ, ന്യൂനപക്ഷ സ്ഥാപനങ്ങളെ സ്വന്തം സ്വഭാവം നിലനിർത്താൻ അനുവദിച്ചുകൊണ്ടുതന്നെ മതനിരപേക്ഷ സ്ഥാപനങ്ങൾക്കുള്ള അതേ പരിഗണന നൽകാൻ ഭരണകൂടം നടപടിയെടുക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി.
‘‘മൗലികാവകാശങ്ങളുൾപ്പെടെ ഏതെങ്കിലും ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമുണ്ടെന്നോ നിയമം നിർമിക്കാൻ ഇല്ലാത്ത അധികാരം പ്രയോഗിച്ചെന്നോ കണ്ടെത്തിയാൽ മാത്രമേ ഒരു നിയമം റദ്ദാക്കാനാവൂ. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന്റെ ലംഘനമെന്നു മാത്രം പറഞ്ഞ് നിയമത്തെ ചോദ്യം ചെയ്യാനാവില്ല. മതനിരപേക്ഷതയുടെ ലംഘനമെന്നു കണ്ടെത്തണമെങ്കിൽ, ഏതു വ്യവസ്ഥയാണ് ലംഘിക്കുന്നതെന്നു വ്യക്തമാക്കാനാവണം’’– ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
പരീക്ഷ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്ന നിയന്ത്രണ സ്വഭാവം യുപി മദ്രസ നിയമത്തിനുണ്ട്. ഇവിടത്തെ വിദ്യാർഥികൾ ഉപജീവനം കണ്ടെത്താൻ പ്രാപ്തരാകുന്നുവെന്ന് ഉറപ്പാക്കാൻ നിയമം പര്യാപ്തമാണ്. അങ്ങനെയൊരു നിയമമുണ്ടാക്കുന്നത് ഭരണകൂടത്തിന്റെ അധികാരപരിധിയിൽ പെടുന്ന കാര്യമാണ്. അതേസമയം, മദ്രസകൾ ഡിഗ്രിക്കു തുല്യമായി നിഷ്കർഷിക്കുന്ന ‘കാമിൽ’, പിജിക്കു തുല്യമായി നിഷ്കർഷിക്കുന്ന ‘ഫാസിൽ’ എന്നീ യോഗ്യതകൾ യുജിസി നിയമത്തിനു വിരുദ്ധമാണ്. അതിനാൽ അവ സംബന്ധിച്ച് യുപി നിയമത്തിലുള്ള വ്യവസ്ഥകൾ ഒഴിവാക്കണമെന്നു കോടതി നിർദേശിച്ചു. നിയമത്തിലെ വ്യവസ്ഥ വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തലും കോടതി തള്ളി.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് മദ്രസകളുൾപ്പെടെ മതബോധന സ്ഥാപനങ്ങളെ ഒഴിവാക്കി പാർലമെന്റ് പാസാക്കിയ ഭേദഗതി തങ്ങൾ നേരത്തേ ശരിവച്ചിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി. മതന്യൂനപക്ഷങ്ങൾക്കു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശവുമായി ചേർത്തുവേണം വിദ്യാഭ്യാസ അവകാശ നിയമത്തെയും ഇതുസംബന്ധിച്ച ഭരണഘടനാ വ്യവസ്ഥയെയും (21–എ) കാണേണ്ടത്. പ്രവർത്തനമികവും നിലവാരവും ഉറപ്പാക്കുന്നതിന് മദ്രസകൾക്കുമേൽ ബോർഡിനും സർക്കാരിനും നിയന്ത്രണാധികാരമുണ്ടെന്നും ബെഞ്ച് വിലയിരുത്തി. യുപിയിലെ 13,364 മദ്രസകളിലായി 12.34 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.