ഡൽഹിയിലേക്ക് കർഷകമാർച്ചിന് ഇന്നു തുടക്കം
Mail This Article
ന്യൂഡൽഹി ∙ മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി പഞ്ചാബിൽ നിന്നുള്ള കർഷകരുടെ ഡൽഹി മാർച്ച് ഇന്നാരംഭിക്കും. പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്ന് ഇന്നുച്ചയ്ക്ക് ഒരു മണിക്ക് 101 കർഷകർ കാൽനടയായി ഡൽഹിയിലേക്കു ജാഥ നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം) നേതാവ് സർവാൻ സിങ് പാന്ധേർ പറഞ്ഞു. കർഷകജാഥ തികച്ചും സമാധാനപരമായിരിക്കും. സമരത്തെ എങ്ങനെ നേരിടണമെന്നു സർക്കാരിനു തീരുമാനിക്കാമെന്നും പാന്ധേർ പറഞ്ഞു. പൊലീസ് തടഞ്ഞതിനെ തുടർന്ന് ഹരിയാനയ്ക്ക് സമീപം ശംഭു, ഖനൗരി അതിർത്തികളിൽ ഫെബ്രുവരി 13 മുതൽ കർഷകർ കുത്തിയിരുന്നു സമരം ചെയ്യുകയാണ്.
സംസ്ഥാന അതിർത്തിയിൽ ഹരിയാന പൊലീസ് ശക്തമായ സുരക്ഷയൊരുക്കി. ഡൽഹിയോട് ചേർന്നുള്ള സിംഗു അതിർത്തിയിൽ ഏതു സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന് പൊലീസ് അറിയിച്ചു. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു ഡൽഹിയിലേക്കു ജാഥ നടത്തുന്നത്. ഡൽഹി പൊലീസിന്റെ അനുമതിയില്ലാതെ മാർച്ച് നടത്തരുതെന്ന് ഹരിയാന സർക്കാർ കർഷക സംഘടനകളോട് അഭ്യർഥിച്ചിട്ടുണ്ട്.