ഇന്ത്യാസഖ്യത്തിന്റെ നേതൃത്വം: കോൺഗ്രസ് ഇനിയും ഉയരേണ്ടതുണ്ടെന്ന് ഒമർ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യാസഖ്യത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തി നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ലയും. സഖ്യത്തിൽ മറ്റു കക്ഷികൾക്കിടയിൽ ഉയരുന്ന പടയൊരുക്കത്തിനൊപ്പം ചേരുകയാണ് നാഷനൽ കോൺഫറൻസും.
രാജ്യത്ത് എല്ലായിടത്തും കോൺഗ്രസിനുള്ള പ്രാതിനിധ്യം അംഗീകരിക്കുമ്പോൾ തന്നെ, സഖ്യത്തിന്റെ നേതൃപദവി ഉറപ്പിക്കാൻ കോൺഗ്രസ് ഇനിയും ഉയരണമെന്ന് ഒമർ പറഞ്ഞു. നേതൃപദവി വന്നു ചേരേണ്ടതാണെന്നും മുതലെടുക്കുന്നതാകരുതെന്നും ഒമർ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം സഖ്യമെന്ന രീതി പറ്റില്ലെന്ന സൂചനയും അദ്ദേഹം നൽകി.
അതേസമയം, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി നേതൃപദവിയിലേക്കു വരണമെന്ന രീതിയിൽ ലാലുപ്രസാദ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ അഭിപ്രായത്തെക്കുറിച്ചു പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ഒമർ പ്രകീർത്തിച്ചു. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ അംഗബലത്തിന് അനുസരിച്ചേ മന്ത്രിസ്ഥാനം നൽകാൻ കഴിയൂവെന്ന ഉറച്ച നിലപാടും അദ്ദേഹം പങ്കുവച്ചു.
വോട്ടിങ് യന്ത്രം: കോൺഗ്രസ് ആരോപണങ്ങളോട് വിയോജിപ്പ്
ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തിൽ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകളെക്കുറിച്ചു കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളോടു യോജിക്കാതെ ഒമർ അബ്ദുല്ല. ലോക്സഭയിലേക്ക് 100 എംപിമാർ ജയിച്ചപ്പോൾ അതു വിജയമായി ആഘോഷിച്ചു.
തോൽക്കുമ്പോൾ വോട്ടിങ് യന്ത്രത്തെ പഴി പറയുന്നു. അതു ശരിയല്ല. തിരഞ്ഞെടുപ്പു സംവിധാനത്തോടു യോജിക്കുന്നില്ലെങ്കിൽ മത്സരിക്കാതെ മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സെൻട്രൽ വിസ്റ്റ പദ്ധതിയെയും ഒമർ അബ്ദുല്ല പിന്തുണച്ചു.