ഇന്ത്യവിരുദ്ധ പരാമർശം: ബംഗ്ലദേശിനെ ശക്തമായ പ്രതിഷേധം അറിയിച്ചു
Mail This Article
ന്യൂഡൽഹി ∙ ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ ഭാഗമായ മഹ്ഫൂജ് ആലമിന്റെ വിവാദ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്ഥാനമൊഴിയാൻ പ്രേരിപ്പിച്ച പ്രക്ഷോഭം ഇന്ത്യ തിരിച്ചറിയണമെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
ബംഗാൾ, അസം, ത്രിപുര എന്നിവയെ ബംഗ്ലദേശിന്റെ ഭാഗമാക്കിയുള്ള മാപ്പും പങ്കുവച്ചിരുന്നു. പിന്നീട് ഇതു നീക്കം ചെയ്തു. അതേസമയം, ഈ വർഷം ഡിസംബർ 8 വരെ ബംഗ്ലദേശിൽ ഹിന്ദുക്കൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ 2200 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കി.
പാക്കിസ്ഥാനിൽ ഈ വർഷം ഒക്ടോബർ വരെ 112 സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്. 2022 ൽ പാക്കിസ്ഥാനിൽ ഇത് 241 ആയിരുന്നെങ്കിൽ ബംഗ്ലദേശിൽ 47 ആയിരുന്നു. 2023ൽ പാക്കിസ്ഥാൻ 103 കേസുകളും ബംഗ്ലദേശിൽ 302 കേസുകളാണു റിപ്പോർട്ട് ചെയ്തത്.