ഡിഎപി വളത്തിന് വില കൂടില്ല
Mail This Article
ന്യൂഡൽഹി ∙ ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വളത്തിനു കർഷകർ ഉയർന്നവില നൽകേണ്ടിവരില്ല. വിലവർധന ഒഴിവാക്കാൻ 3,850 കോടി രൂപയുടെ അധിക സബ്സിഡി അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവഴി 50 കിലോ വളം 1,350 രൂപയ്ക്കു തന്നെ തുടർന്നും കർഷകർക്കു ലഭിക്കും. നിലവിലുള്ള സബ്സിഡിക്കു പുറമേ ഓരോ 50 കിലോ ബാഗിനും 175 രൂപ കൂടി സർക്കാർ ചെലവഴിക്കും.
അധികഭാരം കർഷകരിലേക്ക് എത്താതിരിക്കാനാണ് നടപടിയെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പൊതുവിപണിയിൽ 3,000 രൂപയ്ക്ക് മുകളിലുള്ള ഡിഎപി വളമാണ് സബ്സിഡി നിരക്കിൽ 1,350 രൂപയ്ക്ക് കോവിഡ് കാലം മുതൽ കർഷകർക്ക് ലഭ്യമാക്കുന്നത്. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി).
വിള ഇൻഷുറൻസ് ഒരു വർഷത്തേക്കു കൂടി
∙ വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബിമ യോജനയുടെ കാലാവധി 2025–26 വരെ നീട്ടാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് (ആർഡബ്ല്യുബിസിഐഎസ്) പദ്ധതിയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.