അഹമ്മദിന്റെ മരണം മറച്ചുവച്ചത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അറിവോടെ: മുസ്‌ലിം ലീഗ്

ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ മരണം മറച്ചുവച്ചതു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ (പിഎംഒ) അറിവോടെയാണെന്നു മുസ്‌ലിം ലീഗ് ആരോപിച്ചു. ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെ‌ന്നു പാർട്ടി വക്താവും എംപിയുമായ ഇ.ടി.മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ടു കേരള എംപിമാർ പ്ര‌ധാനമന്ത്രിക്കു നി‌വേദനം നൽ‌കി. ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പാർലമെന്റിന്റെ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രധാനമന്ത്രിക്ക് എംപിമാർ നിവേദനം നൽകിയത്.

ബിജെപി പ്രതിനിധികളായ സുരേഷ് ഗോപിയും റിച്ചാർഡ് ഹേയും ഒഴികെയുള്ള എംപിമാരും കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും സിപിഐ അഖിലേന്ത്യാ സെ‌ക്രട്ടറി ഡി.രാജയും നിവേദക സംഘത്തിലുണ്ടായിരുന്നു. പ്രതിപക്ഷത്തെ 56 എം.പിമാർ നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ അഹമ്മദിനെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരണം സംഭവിച്ചിരുന്നു.

എന്നാൽ, ബജറ്റ് അവത‌രണത്തിനു തടസ്സമുണ്ടാകാതിരിക്കാൻ അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിടാതിരിക്കുകയായിരുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിൽ പാർട്ടിക്ക് എതിർപ്പില്ലെന്നു പാർലമെന്ററി കാര്യമന്ത്രി അനന്ത്കുമാറിനെ അറിയിച്ചിരുന്നു. എന്നിട്ടും വളരെ ദുഃഖകരമായ സമീപനമാണു സർക്കാർ നിർദേശപ്രകാരം റാം മനോഹർ ലോഹ്യ ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായതെ‌ന്നു മുഹമ്മദ് ബഷീർ പറഞ്ഞു. അഹമ്മദിന്റെ മരണം നേരത്തേ സംഭവി‌ച്ചെന്ന് ആശുപത്രിയിലെ ഡോക്ടർ തന്നോടു പറഞ്ഞതായി എം.കെ.രാഘവൻ എംപിയും ആരോപിച്ചു. ആർഎംഎൽ ആശുപത്രിക്കെതിരെ മുഹമ്മദ് ബഷീർ ലോക്‌സഭയിൽ അവകാശലംഘനത്തിനു നോട്ടിസ് നൽകിയിട്ടുണ്ട്.