അമ്മത്തൊട്ടിലുകളുടെ യന്ത്രത്തകരാർ ഉടൻ പരിഹരിക്കും: ശിശുക്ഷേമസമിതി

തിരുവനന്തപുരം∙ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ ജില്ലകളിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളുടെ യന്ത്രത്തകരാറുകൾ ഉടൻ പരിഹരിക്കുമെന്നു സമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക് അറിയിച്ചു. സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ അച്ഛനോ അമ്മയോ നിർബന്ധിതരാകുമ്പോൾ കുഞ്ഞിനെ ഒരമ്മയുടെ സ്ഥാനത്തുനിന്ന് ഏറ്റുവാങ്ങി പ്രതിബദ്ധതയോടെ പരിചരിച്ചു കുട്ടികളില്ലാത്ത ദമ്പതികൾക്കു ദത്ത് നൽകുക എന്ന ആശയത്തോടെയാണു 2002ൽ തിരുവനന്തപുരത്തു തൈക്കാട് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.

അതിനുശേഷം കോഴിക്കോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും അമ്മത്തൊട്ടിൽ വന്നു. തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയുൾപ്പെടെ രണ്ടിടത്ത് ഉണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിനോടു ചേർന്ന് അമ്മത്തൊട്ടിൽ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അമ്മത്തൊട്ടിൽ സ്ഥാപിച്ച ‘സഹ്യവാലി ഗ്രൂപ്പ്’ ആണ് അറ്റകുറ്റപ്പണിയും നടത്തുന്നത്.

മാർച്ച് നാലിനു മുൻപ് ജില്ലാ ശിശുക്ഷേമ സമിതികൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതോടൊപ്പം സംസ്ഥാനത്തെ എല്ലാ അമ്മത്തൊട്ടിലുകളും 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കുമെന്നും ദീപക് പറഞ്ഞു. ഇപ്പോൾ അമ്മത്തൊട്ടിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങൾ അപ്രായോഗികമാണെങ്കിൽ മറ്റു സ്ഥലത്തേയ്ക്കു മാറ്റി സ്ഥാപിക്കും.

അമ്മത്തൊട്ടിൽ സ്ഥാപിച്ച് 15 വർഷം പിന്നിട്ടപ്പോൾ ഇതുവഴി 150 കുട്ടികളാണു സമിതിയിൽ എത്തിയത്. ഇതിൽ 91 പേർ പെൺകുട്ടികളും 59 പേർ ആൺകുട്ടികളുമാണ്. ഇതുകൂടാതെ വിവിധ തരത്തിൽ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരം, മലപ്പുറം കേന്ദ്രങ്ങളിൽ അനേകം കുട്ടികളാണു പരിചരണത്തിനായി എത്തുന്നത്.