സാഹിത്യ അക്കാദമി സാംസ്കാരിക കൈപ്പുസ്തകത്തിൽ നിറയെ തെറ്റുകൾ

തൃശൂർ ∙ സാഹിത്യ പ്രവർത്തകർക്കു വഴികാട്ടാൻ എന്ന ആമുഖ കുറിപ്പോടെ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ സാംസ്കാരിക കൈപ്പുസ്തകത്തിൽ പരക്കെ തെറ്റുകളെന്ന് ആക്ഷേപം. ഡയറിയിൽ പലയിടത്തും സാംസ്കാരികമന്ത്രി ഇപ്പോഴും കെ.സി.ജോസഫ് തന്നെയാണ്. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൽ ചെയർമാനായി സാംസ്കാരികമന്ത്രി കെ.സി.ജോസഫ് എന്നാണ് അച്ചടിച്ചിരിക്കുന്നത്.

നിര്യാതനായ പ്രഫ. എരുമേലി പരമേശ്വര പിള്ളയാണ് നിരണം കണ്ണശ്ശ സ്മാരകത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. പുതിയ പ്രസിഡന്റായി പ്രഫ.എ. ലോപ്പസ് ചുമതലയേറ്റു രണ്ടു വർഷം പൂർത്തിയായത് ഡയറി പ്രസിദ്ധീകരിച്ചവർ അറിഞ്ഞിട്ടില്ല. വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ മെംബർ സെക്രട്ടറി കസേരയിൽ ബാലുകിരിയത്ത് മാറി കവി എം.ആർ.ജയഗീത എത്തിയെങ്കിലും സാംസ്കാരിക കൈപ്പുസ്തകം ഈ മാറ്റം അംഗീകരിച്ചിട്ടില്ല. ‌

തകഴി സ്മാരക സെക്രട്ടറിയായി അച്ചടിച്ചിരിക്കുന്നത് അന്തരിച്ച ദേവദത്ത് ജി.പുറക്കാടിന്റെ പേരാണ്. പുതിയ സെക്രട്ടറി ജെ.സനൽകുമാറിനെ കുറിച്ച് പരാമർശമില്ല. സാഹിത്യ അക്കാദമിയുടെ പുസ്തകം അബദ്ധ പഞ്ചാംഗമായി മാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. പിശകുകൾ മൂലം സർക്കാർ ഡയറിയും അച്ചടിച്ചശേഷം പിൻവലിച്ചിരുന്നു.