പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം: കോൺഗ്രസ്

തിരുവനന്തപുരം∙ പൊലീസിനു മേൽ ആഭ്യന്തരവകുപ്പിനുള്ള നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആ വകുപ്പ് ഒഴിയണമെന്നു കെപിസിസി നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടു. സൗഹാർദാന്തരീക്ഷത്തിനു പേരുകേട്ട കേരളം രാഷ്ട്രീയ സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും നാടായി. ഇതൊന്നും നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കു കഴിയുന്നില്ലെന്ന് ആവർത്തിച്ചു വ്യക്തമായതിനാൽ ആഭ്യന്തരവകുപ്പ് ഒഴിയാൻ മുഖ്യമന്ത്രി ഇനിയും വൈകരുതെന്നു യോഗശേഷം കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും ചേർന്നു കേരളത്തിന്റെ സ്ഥിതി പരിതാപകരമാക്കി. ഇരു കൂട്ടരും ആയുധം താഴെവയ്ക്കണം. ബോംബ് നിർമാണവും ആയുധശേഖരവും കൂടിക്കൊണ്ടിരിക്കുന്ന ഈ നില തുടരാനാകില്ല നോട്ട് നിരോധിച്ചിട്ടു മാസങ്ങളായതോടെ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി നരേന്ദ്ര മോദി മാറി. പാർലമെന്റ് സമിതികളുടെ മുന്നിൽ റിസർവ് ബാങ്ക് അധികൃതരുടെ വെളിപ്പെടുത്തലുകളോടെ കേന്ദ്രം പറഞ്ഞതെല്ലാം പൊള്ളയായിരുന്നുവെന്നു വ്യക്തമായി.

കേന്ദ്രവും സംസ്ഥാനവും ചേർന്നു റേഷനരി മുട്ടിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു മടങ്ങിയതിനു പിന്നാലെ കേരളത്തിന്റെ അരി വിഹിതം കൂട്ടേണ്ടെന്നാണു കേന്ദ്രം തീരുമാനിച്ചത്. കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകൾ സ്തംഭിച്ചു. കശുവണ്ടി ഫാക്ടറികൾക്കു മുന്നിൽ സിപിഎം തന്നെ സമരം നടത്തുന്നു.

ഭരണത്തിലിരുന്നുള്ള സമരം തൊഴിലാളി വഞ്ചനയാണ്. വിവരാവകാശനിയമം അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെയും തദ്ദേശഭരണത്തിൽ ഇടപെടാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെയും പ്രമേയം പാസാക്കി. കയർ മേഖലയുടെ പ്രതിസന്ധിയെക്കുറിച്ചുള്ള പ്രമേയവും അംഗീകരിച്ചു.

ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായി സമരം തുടരാനും യോഗം തീരുമാനിച്ചു. കെപിസിസി നിർവാഹകസമിതി യോഗങ്ങൾ ഇനി കൃത്യമായ ഇടവേളകളിൽ ചേരുമെന്നു സുധീരൻ പറഞ്ഞു. അടുത്തമാസം ബൂത്ത് കമ്മിറ്റികളും നിർജീവമായ മണ്ഡലം കമ്മിറ്റികൾ പിന്നാലെയും പുനഃസംഘടിപ്പിക്കാനുള്ള നിർദേശത്തിനും അംഗീകാരം ലഭിച്ചു.