ഗൃഹനാഥൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ; സൂര്യാതപം മൂലമെന്നു സംശയം

രവീന്ദ്രന്‍ നായര്‍

കൊല്ലം ∙ രാമൻകുളങ്ങരയ്ക്കു സമീപം കന്നിമേൽചേരി കുന്നേൽ തറയിൽ വീട്ടിൽ എം.രവീന്ദ്രൻ നായരെ (60) വീട്ടുമുറ്റത്തു മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിന്റെ പല ഭാഗങ്ങളിലും സൂര്യാതപമേറ്റു പൊള്ളിയ പാടുകളുണ്ട്. ഉടുപ്പ് ധരിച്ചിരുന്നില്ല.

ഇടക്കാലത്തു ലോട്ടറി കച്ചവടം നടത്തിയിരുന്നു. രാമൻകുളങ്ങര മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ മകൻ ബിജു ഇന്നലെ ഉച്ചയ്ക്ക് 1.30നു വീട്ടിൽ എത്തിയപ്പോഴാണു രവീന്ദ്രൻ നായർ മുറ്റത്തു കിടക്കുന്ന നിലയിൽ കണ്ടത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

ഭാര്യ ശ്രീദേവിയും ഇതേ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയാണ്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു മരണം സ്ഥിരീകരിച്ചു. മകൾ:ബിന്ദു. മരുമകൻ: പരേതനായ സന്തോഷ്. മരുമകൾ:ശാലിനി. സംസ്കാരം നടത്തി.