കോൺഗ്രസ്: തൃശൂരിൽ ബൂത്ത് സമിതി തിര​ഞ്ഞെടുപ്പ് പൂർത്തിയായി

തൃശൂർ ∙ കോൺഗ്രസിനു 2259 ബൂത്തുതല കമ്മിറ്റ​ികളിലും ഭാരവാഹികളായി. സംസ്ഥാനത്തു ബൂത്തുതല കമ്മിറ്റി തിരഞ്ഞെടുപ്പു പൂർത്തിയാക്കിയ ഏക ജില്ലയാണു തൃശൂർ. 2259 ബൂത്തുതല കമ്മിറ്റി തിരഞ്ഞെടുപ്പാണ് ഗ്രൂപ്പുവഴക്കോ കയ്യാങ്കളിയോ ഇല്ലാതെ പൂർത്തിയാക്കിയത്.

ടി.എൻ.പ്രതാപന്റെ നേതൃത്വത്തിൽ പുതിയ ഡിസിസി നേതൃത്വം ഏറ്റെടുത്തശേഷമാണ് താഴെത്തട്ടിലെ ഈ ദൗത്യം പൂർത്തിയാക്കിയത്. 48 ദിവസം കൊണ്ടാണു തിരഞ്ഞെടുപ്പ് പൂർത്തിയായത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് പ്രവർത്തകർ പങ്കെടുത്തത്.

132 സ്ഥലത്തു മത്സരങ്ങൾ നടന്നു. ​എല്ലായിടത്തും ഡിസിസി ഭാരവാഹികൾ തിരഞ്ഞെടുപ്പു യോഗത്തിൽ പങ്കെടുത്തു. 26 സ്ഥലത്തു തർക്കമുണ്ടായി. ഇവരുടെ പരാതി രേഖപ്പെടുത്തി ഡിസിസി നേരിട്ടു തിരഞ്ഞെടുപ്പു നടത്തി.

ചുരുങ്ങിയതു 15 പേരെങ്കിലും പങ്കെടുക്കാത്ത യോഗങ്ങൾ നടത്താൻ അനുമതി നൽകിയിട്ടില്ല. ജില്ലയിൽ ഒന്നേകാൽ ലക്ഷം പ്രവർത്തകരെങ്കിലും ബൂത്തുതല യോഗത്തിൽ പങ്കെടുത്തുവെന്നാണ് ശരാശരി കണക്ക്.