കൊച്ചി ∙ ക്രിക്കറ്റിലെ ആജീവനാന്ത വിലക്കു നീക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നൽകിയ ഹർജിയിൽ ബിസിസിഐയുടെ നിലവിലെ പ്രസിഡന്റ് വിനോദ് റായിയെയും മറ്റു മൂന്നംഗങ്ങളെയും ഹൈക്കോടതി കക്ഷിചേർത്തു. സുപ്രീംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളിൽ നിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷയുള്ളതിനാൽ അവരെക്കൂടി കക്ഷിചേർക്കണമെന്ന ശ്രീശാന്തിന്റെ അപേക്ഷയിലായിരുന്നു നടപടി. ക്രിക്കറ്റിലെ വിലക്കു നീക്കണമെന്നും സ്കോട്ട്ലൻഡ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി കോടതി 22ലേക്കു മാറ്റി.
വിലക്കു നീക്കാവുന്ന പുതിയ സാഹചര്യങ്ങളില്ലെന്നു ബിസിസിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സ്വാഭാവികനീതി പുലർത്താതെയാണു ബിസിസിഐ അച്ചടക്കസമിതി നടപടിയെടുത്തതെന്നു ശ്രീശാന്ത് മറുപടി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. വ്യവസ്ഥാപിത നിബന്ധനകളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുള്ള സ്വതന്ത്ര അന്വേഷണമല്ല കമ്മിഷണർ നടത്തിയത്. ഡൽഹി പൊലീസ് പറഞ്ഞത് ആധാരമാക്കി നടപടിയെടുക്കുകയായിരുന്നു. എന്നാൽ പൊലീസ് നൽകിയ വസ്തുതകൾ ഹർജിക്കാരനെ അറിയിച്ച് പ്രതിരോധത്തിനുള്ള അവസരം നൽകിയില്ല. മാത്രമല്ല, ഡൽഹി പൊലീസിന്റെ വാദങ്ങൾ നിരസിച്ച് സെഷൻസ് കോടതി തന്നെ കേസിൽ നിന്നു കുറ്റവിമുക്തനാക്കി. അതിനുശേഷവും വിലക്കു തുടരുന്നത് അന്യായമാണ്. അച്ചടക്ക സമിതിയുടെ തീരുമാനം പുനഃപരിശോധിക്കാൻ റിവ്യൂഹർജി നൽകിയിരുന്നു. എന്നാൽ ഹർജിയിലുന്നയിച്ച കാര്യങ്ങളൊന്നും പരിഗണിച്ചിട്ടില്ലെന്നാണ് റിവ്യൂഹർജി നിരസിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാകുന്നത്.
ക്രിക്കറ്റ് തൊഴിലായി സ്വീകരിച്ചിട്ടുള്ള തനിക്കെതിരെ വിലക്കു തുടരുന്നതു ഭരണഘടനാവകാശങ്ങളുടെ ലംഘനമാണ്. ബിസിസിഐ അച്ചടക്ക സമിതിയുടെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നു പറയുന്നതു ശരിയല്ല. ബിസിസിഐ കോടതികളുടെ റിട്ടധികാരത്തിനു വിധേയമാണെന്നു സുപ്രീംകോടതി പറഞ്ഞിട്ടുള്ളതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.