എന്തു വന്നാലും ശൈലി മാറ്റില്ല: എം.എം. മണി

തൊടുപുഴ∙ എന്തു വന്നാലും ശൈലി മാറ്റില്ലെന്നും ശൈലി മാറ്റിയാൽ താൻ തന്നെ മാറിപ്പോകുമെന്നും വൈദ്യുതി മന്ത്രി എം.എം.മണി. തന്റെ സഹോദരൻ ലംബോദരൻ ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും ഭൂമി ഏറ്റെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മണിക്കെതിരായ ആക്ഷേപം ഗുരുതരമാണെന്ന ഹൈക്കോടതിയുടെ പരാമർശത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

സ്ത്രീവിരുദ്ധ പരാമർശം താൻ നടത്തിയതായി പാർട്ടി വിലയിരുത്തിയിട്ടില്ല. മന്ത്രിയായതിനാലാണു ശാസിച്ചത്. പാർട്ടി നടപടി അംഗീകരിക്കുന്നു. എന്റേത് നാടൻ ശൈലിയാണ്. ഇനി പുതിയ ശൈലിയൊന്നും സ്വീകരിക്കാൻ പറ്റില്ല. – മണി പറഞ്ഞു. ലംബോദരന് കൃഷിയും വ്യാപാരവുമുണ്ട്. തോട്ടവുമുണ്ട്. ഈ പറയുന്നതുപോലെ സ്ഥലമില്ല. ലോണെടുത്തും അധ്വാനിച്ചും കൃഷി ചെയ്തും ലംബോദരൻ കുറെ ഭൂമി വാങ്ങി. അതു നിയമവിരുദ്ധമാണെങ്കിൽ നടപടിയെടുക്കണം. എനിക്കു പണി തരാൻ ലംബോധരന്റെ പേരു പറയേണ്ട. അവനു സ്വതന്ത്ര ജീവിതവും വളക്കച്ചവടവുമുണ്ട്. നമ്മുടെ കച്ചവടം പൊതു പ്രവർത്തനമാണ്. ഇതിന്റെ പേരിലൊന്നും എന്നെ ആർക്കും ഇരുത്താൻ കഴിയില്ല– മന്ത്രി പറഞ്ഞു.