കൊല്ലം ∙ എസ്എൻ ട്രസ്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കു മൂന്ന് ഇ കാറ്റഗറിയിൽ നിന്നുള്ള തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ ഏഴു റീജനുകളിൽ മത്സരമില്ല. ആകെയുള്ള പത്തു റീജനുകളിൽ തിരുവനന്തപുരം, വർക്കല, കൊല്ലം റീജനുകളിലെ തിരഞ്ഞെടുപ്പ് മേയ് 14നു നടക്കും. മത്സരം ഒഴിവായ ഏഴു റീജനുകളിലും വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനൽ ഭൂരിപക്ഷം അവകാശപ്പെട്ടു. ഇ കാറ്റഗറിയിൽ നിന്ന് ആകെ 684 പേരാണു തിരഞ്ഞെടുക്കപ്പെടേണ്ടത്.
കണ്ണൂർ (69), കോഴിക്കോട് (60), തൃശൂർ (35), പാലക്കാട് (49), േചർത്തല (45), നങ്ങ്യാർകുളങ്ങര (77), പുനലൂർ (63) റീജനുകളിലാണു മത്സരമില്ലാത്തത്. തിരുവനന്തപുരത്തുനിന്ന് 82 പേരെയും വർക്കലയിൽ നിന്നു 117 പേരെയും കൊല്ലത്തുനിന്നു 97 പേരെയും തിരഞ്ഞെടുക്കാനാണു 14നു വോട്ടെടുപ്പ്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പ്. മൂന്ന് ഡി കാറ്റഗറിയിൽ നിന്നുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17നും മൂന്ന് ഐ കാറ്റഗറിയിൽ നിന്നുള്ളവരുടെ തിരഞ്ഞെടുപ്പ് 25നും നടക്കും. ട്രസ്റ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 26നാണ്.