സൈക്കിളിൽ മുന്നിൽപ്പോയ ഭർത്താവ് ഭാര്യ ഓടിച്ച കാറിടിച്ചു മരിച്ചു

മൂന്നാറിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി അശോക്

മൂന്നാർ∙ ഭാര്യ ഓടിച്ച കാറിടിച്ചു ഭർത്താവിന് ദാരുണാന്ത്യം. ബെംഗളൂരുവിൽനിന്നു മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ തിരുവനന്തപുരം സ്വദേശി മലയിൻകീഴ് അശോക് സുകുമാരൻ നായർ (35) ആണു മരിച്ചത്. ഇന്നലെ സന്ധ്യയ്ക്ക് ഏഴുമണിയോടെ മൂന്നാർ- മറയൂർ റോഡിൽ വാഗുവരൈയ്ക്കു സമീപമായിരുന്നു അപകടം. അശോകിന്റെ ഭാര്യ രശ്മിയും മക്കളായ ശ്രദ്ധ (ഏഴ്), ശ്രേയ (അഞ്ച്) എന്നിവർ കാറിലും അശോക് തൊട്ടുമുൻപിൽ സൈക്കിളിലും സഞ്ചരിക്കുകയായിരുന്നു.

കാറിൽ പാട്ടുവയ്ക്കാൻ മക്കൾ ആവശ്യപ്പെട്ടപ്പോൾ രശ്മി ഡ്രൈവിങ്ങിനിടെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തെന്നും ഇതിനിടെ നിയന്ത്രണംവിട്ട കാർ അശോക് സ‍ഞ്ചരിച്ചിരുന്ന സൈക്കിളിൽ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തലയിലൂടെ ടയർ കയറിയിറങ്ങി അബോധാവസ്ഥയിലായ അശോകിനെ രശ്മി തന്നെയാണു കാറിൽ മൂന്നാറിലെ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അശോകിനെ മക്കൾക്കൊപ്പം പുറകിലെ സീറ്റിൽ കിടത്തി റോഡിലൂടെ 20 കിലോമീറ്റർ അവർ കാറോടിച്ചു.

ആശുപത്രിയിലേക്കുള്ള വഴിയറിയാതെ രശ്മി ഏറെ ബുദ്ധിമുട്ടി. വഴിപോക്കരിൽ ഒരാളോടു സഹായത്തിനഭ്യർഥിച്ചപ്പോൾ അദ്ദേഹം കാറിൽ കയറി വഴി പറഞ്ഞുകൊടുത്തു. അശോകിനെ ആശുപത്രിയിൽ എത്തിച്ചശേഷം ആരോടും പറയാതെ പോവുകയും ചെയ്തു. രശ്മിയുടെയും മക്കളുടെയും സഹായത്തിനോ ആശ്വാസവാക്കുകൾ പറയാനോ ആശുപത്രിയിലെ നഴ്സുമാരല്ലാതെ ആരുമുണ്ടായിരുന്നില്ല.

ആശുപത്രിയിലെത്തുമ്പോഴേക്കും അശോക് മരിച്ചിരുന്നു. സൈക്ലിങ് ഹോബിയാക്കിയ അശോക് മൂന്നാറിലേക്കുള്ള യാത്രയിലും സൈക്കിൾ കാറിനു മുകളിൽ കെട്ടിവച്ചു കൊണ്ടുവന്നിരുന്നു. ബെംഗളൂരുവിൽ ബ്രോഡ്ക് ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ് അശോക്. തിരുവല്ല സ്വദേശിയായ ഭാര്യ രശ്മിക്കും മക്കൾക്കുമൊപ്പം ബെംഗളൂരുവിലെ ഹർലൂരിലായിരുന്നു സ്ഥിരതാമസം. രശ്മിയും ഐടി ഉദ്യോഗസ്ഥയാണ്. ഇന്നലെ രാവിലെയാണ് അശോകും കുടുംബവും മൂന്നാറിലെത്തിയത്.