തിരൂർ∙ സ്വർണനിക്ഷേപത്തിന്റെ പേരിൽ 40 കോടിയുടെ തട്ടിപ്പുനടത്തി മുങ്ങിയ ജ്വല്ലറി ഉടമ പിടിയിൽ. തുഞ്ചത്ത് ജ്വല്ലേഴ്സ് എന്ന പേരിൽ തിരൂർ, എടപ്പാൾ എന്നിവിടങ്ങളിൽ സ്ഥാപനങ്ങൾ ആരംഭിച്ച് നിക്ഷേപകരെയും ഇടപാടുകാരെയും വഞ്ചിച്ചെന്ന പരാതിയിലാണ് ഉടമ മുതേരി ജയചന്ദ്രനെ (38) തിരൂർ സിഐ എം.കെ.ഷാജിയും സംഘവും കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി ഒളിവിലായിരുന്നു.
വിലകുറച്ചു സ്വർണവും നിക്ഷേപത്തിന് ഉയർന്ന ലാഭവിഹിതവും നൽകാമെന്നറിയിച്ച് 40 കോടിയോളം രൂപ തട്ടിയെടുത്തതായാണു ഡയറക്ടർമാരുടെയും ഇടപാടുകാരുടെയും പരാതി. ഒന്നരലക്ഷം പേരെ പദ്ധതിയിൽ ചേർത്തിരുന്നതായാണു പരാതിയിലുള്ളത്. സ്ത്രീകളെ ഏജന്റുമാരായി നിയമിച്ചും പദ്ധതിയിലേക്ക് ആളെ ചേർത്തിരുന്നു. അതിനിടെ തിരൂരിൽ സ്ഥാപനത്തിന്റെ പേരിൽ വസ്ത്ര വ്യാപാരവും ആരംഭിച്ചു. പണം തിരിച്ചുനൽകേണ്ട കാലാവധിയായതോടെ സ്ഥാപനങ്ങൾ പൂട്ടി ഉടമയും 14 ഡയറക്ടർമാരും മുങ്ങി.
പ്രതിഷേധം ശക്തമായപ്പോൾ പൊലീസിൽ രേഖകൾ സമർപ്പിച്ചാൽ പണം തിരിച്ചുനൽകാമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സ്ഥാപനത്തിലെ മറ്റു ഡയറക്ടർമാരും പരാതിയുമായി രംഗത്തെത്തി. ഏജന്റുമാരും നിക്ഷേപകരും പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.