കണ്ടുകണ്ടങ്ങിരിക്കെ കാണാതായ കണ്ണൂരിലെ കണ്ടൽ പാർക്ക്

പാപ്പിനിശ്ശേരി വളപട്ടണം പുഴയോരത്തെ കണ്ടൽ വനം.

കണ്ണൂർ∙ വളപട്ടണം പുഴയോരത്തു പാപ്പിനിശ്ശേരി പഞ്ചായത്തിലെ സമൃദ്ധമായ എട്ടര ഏക്കർ കണ്ടൽവനം ഉപയോഗപ്പെടുത്തി 2010 ഏപ്രിലിൽ തീം പാർക്ക് നിർമിച്ചതു സിപിഎം നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോടൂറിസം സൊസൈറ്റിയായിരുന്നു. മുൻകൈയെടുത്തതു സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഉദ്ഘാടനം ചെയ്തത് അന്നു ബിജെപി ക്യാംപിൽ എത്തിയിട്ടില്ലാത്ത നടൻ സുരേഷ് ഗോപി.

പുഴയിലെ വാട്ടർ ഫൗണ്ടനും കണ്ടൽവനത്തിന് ഇടയിലെ റോ‍ഡും വിൽപന സ്റ്റാളുകളും അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതി പ്രവർത്തകർ ചോദ്യംചെയ്തു. ബോട്ടിങ്ങും കടകളും തുടങ്ങി വാണിജ്യാടിസ്ഥാനത്തിൽ പാർക്ക് പ്രവർത്തിച്ചു തുടങ്ങിയതോടെ എതിർപ്പു ശക്തമായി. പാർക്ക് പൊളിക്കണോ? പാലവും പൊളിക്കണം പരിസ്ഥിതിപ്രശ്നം പിന്നീടു രാഷ്ട്രീയപാർട്ടികൾ ഏറ്റെടുത്തതോടെ ചൂടേറി.

അന്നത്തെ കണ്ണൂർ എംപി കെ.സുധാകരനും സിപിഎം ജില്ലാ നേതാക്കളും തമ്മിൽ നേർക്കുനേർ കൊമ്പുകോർത്തു. പരിസ്ഥിതി അനുമതിയില്ലാത്ത പാർക്ക് പൂട്ടിക്കുമെന്നു സുധാകരന്റെ പ്രഖ്യാപനം. അങ്ങനെയെങ്കിൽ വളപട്ടണം പാലവും പൊളിക്കണമല്ലോ എന്ന് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ശശിയുടെ വെല്ലുവിളി. കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ഇടപെട്ടതോടെ വിഷയം ദേശീയശ്രദ്ധ നേടി. തീരദേശ സംരക്ഷണ നിയമം പാലിക്കാതെ തുടങ്ങിയ പാർക്കിനെതിരെ ഹൈക്കോടതിയിൽ കേസ് വന്നു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കരുതെന്ന വിധി വന്നതോടെ പാർക്ക് താൽക്കാലികമായി അടച്ചിട്ടു.

2010 ഒക്ടോബറിൽ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കണ്ടൽ തീം പാർക്കിന്റെ പ്രവർത്തനം പൂർണമായും നിർത്തി. പിന്നെ വർഷങ്ങളോളം കണ്ടൽപ്രദേശം ആരും നോക്കാനില്ലാതെ കിടന്നു. മാലിന്യം തള്ളുന്ന കേന്ദ്രമായി. ഇനി പാർക്ക് വേണ്ട, പഠനം മാത്രം സുപ്രീം കോടതിയിൽ നിന്ന് ഒരു കൊല്ലം മുൻപ് അനുകൂലവിധി നേടിയെടുത്തതായി പാപ്പിനിശ്ശേരി ഇക്കോടൂറിസം സൊസൈറ്റി പറയുന്നു.

നിർമാണ പ്രവർത്തനങ്ങളൊന്നും നടത്താതെ കണ്ടൽവനം സംരക്ഷിക്കാനാണു നിർദേശം. പരിസ്ഥിതിസൗഹൃദ പദ്ധതിയെന്ന നിലയിൽ രാജ്യാന്തര കണ്ടൽ പഠനഗവേഷണ കേന്ദ്രം തുടങ്ങാനാണ് ആലോചന. കണ്ടൽ പാർക്ക് വീണ്ടും തുടങ്ങുമെന്നു കഴിഞ്ഞ വർഷം ഡിവൈഎഫ്ഐയുടെ പരിസ്ഥിതിദിന പരിപാടിയിൽ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കണ്ടൽ പാർക്ക് തുടങ്ങാൻ ആലോചനയില്ലെന്നു പിറ്റേന്നു തന്നെ സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.