അച്ഛനെ റെയിൽവേ സ്റ്റേഷനിൽവിട്ട് ഗ്വാളിയർ സ്വദേശി ‘അപ്രത്യക്ഷനായി’

ആകാശ് രജ്പുത്ത്

തൃശൂർ∙ മെഡിക്കൽ പ്രവേശനത്തിനെന്ന പേരിൽ ഗ്വാളിയറിൽ നിന്നു തൃശൂരിലെത്തിയ വിദ്യാർഥി അച്ഛനെ റെയിൽവേ സ്റ്റേഷനിലിരുത്തി ‘അപ്രത്യക്ഷനായി’. സൈബർസെല്ലിന്റെ സഹായത്തോടെ ആർപിഎഫും പൊലീസും മൂന്നു ദിവസമായി തിരഞ്ഞിട്ടും വിദ്യാർഥിയെക്കുറിച്ചു വിവരമൊന്നുമില്ല. രണ്ടു ദിവസത്തോളം മകനെ കാത്തു റെയിൽവേ സ്റ്റേഷനിൽ കഴിച്ചു കൂട്ടിയ അച്ഛൻ ഒടുവിൽ നിരാശനായി നാട്ടിലേക്കു മടങ്ങി. പാലക്കാട്ടെ മെഡിക്കൽ കോളജിൽ തനിക്ക് അഡ്മിഷൻ ലഭിച്ചെന്നു അച്ഛനെ പറഞ്ഞുവിശ്വസിപ്പിച്ചു തൃശൂരിൽ എത്തിച്ച വിദ്യാർഥി  മുങ്ങുകയായിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം.

മധ്യപ്രദേശിലെ ഗ്വാളിയർ ന്യൂഫോർട്ട് അവന്യൂ സ്വദേശി ആകാശ് രജ്പുത്തിനെയാണ് (22) ദുരൂഹസാഹചര്യത്തിൽ കാണാതായത്. നീറ്റ് പരീക്ഷയിൽ തനിക്ക് 53,000–ാം റാങ്ക് ലഭിച്ചെന്നും പാലക്കാട്ടെ സ്വകാര്യ മെഡിക്കൽ കോളജിൽ സീറ്റ് ലഭിച്ചിട്ടുണ്ടെന്നും ബോധ്യപ്പെടുത്തി അച്ഛൻ സുരേന്ദ്രസിങ് രജ്പുത്തിനോടൊപ്പം 10ന് പുലർച്ചെ മൂന്നിനാണ് ആകാശ് തൃശൂരിൽ എത്തിയത്. അച്ഛനെ കാത്തിരിപ്പുകേന്ദ്രത്തിലിരുത്തി ശുചിമുറിയിലേക്കു പോയ ആകാശിനെ പിന്നീടു കണ്ടിട്ടില്ല.

ഉച്ചവരെ മകനെ കാത്ത് അതേ ഇരിപ്പു തുടർന്ന അച്ഛൻ ഒടുവിൽ റെയിൽവേ പൊലീസ് ഓഫിസിലെത്തി പരാതി പറഞ്ഞു.റെയിൽവേ പൊലീസ് എസ്ഐ രാജൻ, ആകാശിന്റെ ബാഗ് പരിശോധിച്ചപ്പോൾ പാലക്കാട്ടെ സ്വകാര്യ മെഡിക്കൽ കോളജിന്റെ പേരിലുള്ള അഡ്മിഷൻ കോൾ ലെറ്റർ ലഭിച്ചു. സുരേന്ദ്രസിങ്ങിനെയും കൂട്ടി പൊലീസ് സംഘം ഈ മെഡിക്കൽ കോളജിൽ എത്തിയെങ്കിലും ആകാശ് ഇവിടെ എത്തിയിട്ടില്ലെന്നു വ്യക്തമായി. മാത്രവുമല്ല, കോളജിന് ഈ വർഷം അഫിലിയേഷൻ ഇല്ലെന്നും ആർക്കും അഡ്മിഷൻ കോൾ ലെറ്റർ അയച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

അച്ഛനെ പറ്റിക്കാൻ വിദ്യാർഥി സ്വയം അച്ചടിച്ച കോൾ ലെറ്ററാണിതെന്നാണ് സംശയം. വിദ്യാർഥിയെ കണ്ടെത്താൻ സൈബർസെൽ സഹായത്തോടെ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകനെ കാണാതായ വിഷമവുമായി സുരേന്ദ്രസിങ് 13ന് വൈകിട്ടു ഗ്വാളിയറിലേക്കു തിരിച്ചു ട്രെയിൻകയറി.