മഴകഴിഞ്ഞാലുടൻ റോഡ് അറ്റകുറ്റപ്പണി: മന്ത്രി സുധാകരൻ

ആലപ്പുഴ ∙ മഴകഴിഞ്ഞാലുടൻ സംസ്ഥാന റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങുമെന്നു മന്ത്രി ജി.സുധാകരൻ. ഇതിനായി 300 കോടി രൂപ 140 നിയോജകമണ്ഡലങ്ങൾക്കും 35 ദിവസം ദിവസം മുൻപു കൈമാറി.

മേയ് 15ന് ആരംഭിച്ച മഴ അഞ്ചുമാസമായി തുടരുന്നതാണ് ഇപ്പോഴത്തെ തടസ്സം. കിലോമീറ്ററിനു ശരാശരി ഒന്നരലക്ഷം രൂപ ചെലവുവരുന്ന തരത്തിൽ മികച്ചരീതിയിൽ റോഡ് നിർമിക്കും. അറ്റകുറ്റപ്പണികൾക്കു മാത്രമായി പൊതുമരാമത്തുവകുപ്പിൽ പ്രത്യേക വിഭാഗം രൂപീകരിച്ചു. ചീഫ് എൻജിനീയറെ കഴിഞ്ഞ ദിവസം നിയമിച്ചു. എല്ലാ മണ്ഡലങ്ങളിലും അസിസ്റ്റന്റ് എൻജിനീയർമാരെയും നിയോഗിച്ചിട്ടുണ്ട്.

മരാമത്തുവകുപ്പിന്റെ പരിശോധനയ്ക്കു പുറമേ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ സമിതി സാമൂഹിക ഓഡിറ്റ് നടത്തും. ആലപ്പുഴ–ചങ്ങനാശേരി റോഡിന്റെ നവീകരണം ഇത്തരത്തിൽ സാമൂഹിക ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണു നടക്കുന്നത്.

ജീവനക്കാരുടെ കുറവാണ് ഇപ്പോൾ പൊതുമരാമത്തുവകുപ്പു നേരിടുന്ന പ്രശ്നം. 1400 എൻജിനീയർമാരാണ് ആകെയുള്ളത്. 2500 എൻജിനീയർമാരെങ്കിലും വേണം.