ഷൊർണൂർ – നിലമ്പൂർ പാതയിൽ റെയിൽപാളത്തിൽ വിള്ളൽ

ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ കുന്നപ്പള്ളിയിൽ പാളത്തിൽ കണ്ടെത്തിയ വിള്ളൽ

അങ്ങാടിപ്പുറം (മലപ്പുറം) ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനുമിടയിൽ കുന്നപ്പള്ളിയിൽ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി. ഷൊർണൂർ, നിലമ്പൂർ ഭാഗങ്ങളിലേക്കുള്ള പാസഞ്ചർ ട്രെയിനുകൾ കടന്നുപോകുന്നതിന് അര മണിക്കൂ‍ർ മുൻപാണ് പരിശോധനയ്ക്കിടെ വിള്ളൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ രാജ്യറാണി എക്സ്‍പ്രസ് കടന്നുപോയ ശേഷം അങ്ങാടിപ്പുറത്തേക്കുള്ള ഗുഡ്‍സ് ട്രെയിനും ഇതുവഴി കടന്നുപോയിരുന്നു. ഇതിനുശേഷം 8.45നു പതിവ് ട്രാക്ക് പരിശോധനയ്ക്കിടെയാണ് അപകടകരമായ വിള്ളൽ കണ്ടെത്തിയത്. ഉടൻ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടഞ്ഞു. ഷൊർണൂരിൽനിന്നും നിലമ്പൂരിൽനിന്നും പുറപ്പെട്ട ട്രെയിനുകൾ തടഞ്ഞിട്ടു. അങ്ങാടിപ്പുറത്തുനിന്ന് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്‍ഥരെത്തി തകരാറു പരിഹരിച്ച് ഒരു മണിക്കൂറിനുശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്‍ഥാപിച്ചത്. തുടർന്നുള്ള ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകിയാണ് സർവീസ് നടത്തിയത്.