കൊയിലാണ്ടിയിൽ1500 വർഷം പഴക്കമുള്ള നന്നങ്ങാടി

കൊയിലാണ്ടി പന്തലായനിയിൽ നിന്നു കണ്ടെടുത്ത അപൂർവയിനം നന്നങ്ങാടി കോഴിക്കോട് പഴശി രാജ പുരാവസ്തു മ്യൂസിയത്തിൽ എത്തിച്ചപ്പോൾ. ചിത്രം : മനോരമ

കോഴിക്കോട്∙ കൊയിലാണ്ടിക്കടുത്ത് പന്തലായനിയിൽ 1500 വർഷം പഴക്കം കണക്കാക്കുന്ന അപൂർവയിനം നന്നങ്ങാടി കണ്ടെത്തി. പന്തലായനി കൊല്ലം ജുമാഅത്ത് പള്ളിക്കുസമീപം കെ. ഖലീലിന്റെ വീടിനടുത്തുനിന്നു ലഭിച്ച കളിമണ്ണിൽ ചുട്ടെടുത്ത ഗോളാകൃതിയിലുള്ള നന്നങ്ങാടി ഈസ്റ്റ്ഹിൽ പഴശ്ശിരാജാ പുരാവസ്തു മ്യൂസിയത്തിലെത്തിച്ചു. 

മഹാശിലാ സംസ്കാരകാലത്തേതെന്നു കണക്കാക്കുന്ന നന്നങ്ങാടിയുടെ വക്ക്, ഉടൽ, അടിഭാഗം എന്നിവ സാധാരണ കണ്ടുവരാറുള്ളവയിൽനിന്ന് വ്യത്യസ്തമാണെന്നു മ്യൂസിയം ചാർജ് ഓഫിസർ കെ. കൃഷ്ണരാജ് അറിയിച്ചു. 94 സെന്റിമീറ്റർ ഉയരമുണ്ട്. വായ്ഭാഗത്തിന് ആറു സെന്റിമീറ്റർ വ്യാസവും 2.26 കനവുമുണ്ട്. ഉടലിന് 0.5 –0.7 സെന്റിമീറ്ററാണു കനം. വളരെ വ്യത്യസ്തമായ അലങ്കാരപ്പണികളും നന്നങ്ങാടിയിൽ കണ്ടെത്തിയിട്ടുണ്ട്. ചതുരക്കള്ളികളുടെ വളരെ അപൂർവമായ ഡിസൈൻ കാണാം. നന്നങ്ങാടിയുടെ അടിഭാഗത്തായുള്ള മൊട്ടുപോലുള്ള ഭാഗവും വളരെ അപൂർവമാണെന്ന് കൃഷ്ണരാജ് പറഞ്ഞു. പരന്ന മൂടിക്കല്ലിനുപകരം ഉരുണ്ടകരിങ്കല്ലാണ് മൂടിയായി ഉപയോഗിച്ചിരുന്നത്. നടവഴി ചെങ്കല്ലുപാകാനായി വീട്ടുടമ കുഴിച്ചപ്പോഴാണ് നന്നങ്ങാടി കണ്ടെത്തിയത്. അകത്തു മണ്ണല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. 

കഴിഞ്ഞവർഷം ജില്ലയിലെ കിനാലൂർ മേഖലയിൽ പുരാവസ്തു വകുപ്പ് നടത്തിയ ഉദ്ഖനനത്തിൽ ഇത്തരത്തിലുള്ള നന്നങ്ങാടിയുടെ അടിഭാഗം ലഭിച്ചിരുന്നു. മഹാശിലായുഗത്തിൽ മരിച്ചവരുടെ അസ്ഥികൾ മണ്ണിൽ മറവുചെയ്തു സൂക്ഷിക്കാനുപയോഗിച്ചിരുന്ന വലിയ മൺപാത്രങ്ങളാണ് നന്നങ്ങാടികൾ. ചെറിയ മൺപാത്രങ്ങൾ, ഇരുമ്പായുധങ്ങൾ, മുത്തുകൾ എന്നിവയും ഇവയ്ക്കുള്ളിൽ കാണാറുണ്ട്. പന്തലായനി, കൊല്ലം മേഖലയിൽനിന്ന് നേരത്തേയും നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ടെന്നാണു നാട്ടുകാർ പറയുന്നത്.