സിപിഐയോട് ഇനി വിട്ടുവീഴ്ച്ചയ്ക്കില്ലെന്നു സിപിഎം

കൊച്ചി∙ സിപിഐയോട് ഇനി വിട്ടുവീഴ്ച്ച വേണ്ടെന്നു സിപിഎം. പ്രകോപനങ്ങളുമായി മുന്നോട്ടുപോകാനാണു സിപിഐയുടെ നീക്കമെങ്കിൽ അതിനെ അതേ നാണയത്തിൽ നേരിടണമെന്ന അഭിപ്രായമാണ് ഇവിടെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്.

സിപിഐയുടെ മന്ത്രിസഭായോഗ ബഹിഷ്കരണത്തിനെതിരെ നിശിതവിമർശനം യോഗത്തിലുണ്ടായി. സുപ്രധാനമായ അജൻഡ ചർച്ച ചെയ്ത യോഗത്തിൽനിന്നു വിട്ടുനിന്നതിന്റെ സാംഗത്യവും ചോദ്യം ചെയ്യപ്പെട്ടു. സിപിഐയുടെ നടപടിയോട് ആ പാർട്ടിയിൽ തന്നെ എതിർപ്പുയരുന്നുവെന്ന നിഗമനവും യോഗത്തിലുണ്ടായി. കെ.ഇ.ഇസ്മായിലിന്റെ ഇന്നലത്തെ പ്രതികരണം അതിന്റെ സൂചനയായും പാർട്ടി കാണുന്നു.

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നടപടികളെ  യോഗം പിന്തുണച്ചു. ഘടകകക്ഷിയുടെ പ്രതിനിധിക്കു നൽകിയ സാമാന്യ മര്യാദയായിട്ടാണു മുഖ്യമന്ത്രി ഇതിനെ വിശദീകരിച്ചത്. സിപിഐ നടപടിയോടുള്ള രോഷം പിണറായി മറച്ചുവച്ചില്ല. ചാണ്ടിയുടെ രാജിയേക്കാൾ മറ്റെന്തോ നേടാനാണു സിപിഐ ലക്ഷ്യമിട്ടതെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. എൽഡിഎഫ് യോഗത്തിനുശേഷം പുറത്തിറങ്ങിയ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ‘ഹാപ്പി’യാണ് എന്നാണല്ലോ പ്രതികരിച്ചത്. പെട്ടെന്ന് അദ്ദേഹം അതൃപ്തനാകാൻ കാരണമെന്താണ്? സിപിഐ ആവശ്യപ്പെട്ട രാജി അതുറപ്പുവരുത്തുമെന്നു പറഞ്ഞ അതേ ദിവസം തന്നെയുണ്ടായി. മന്ത്രിസഭയിൽ നിന്നു വിട്ടുനിൽക്കാനാണു നീക്കമെങ്കിൽ അക്കാര്യം എൽഡിഎഫ് നേതൃത്വത്തെ അറിയിക്കാമായിരുന്നു, അല്ലെങ്കിൽ മുഖ്യമന്ത്രിയെ തന്നെ നേരിൽ കണ്ടുപറയാമായിരുന്നു. അതിനു പകരം മന്ത്രിസഭായോഗം നടക്കുന്ന അതേസമയം സമാന്തരമായി യോഗം ചേർന്നു മുഖ്യമന്ത്രിക്കു കത്തു കൊടുത്തുവിടുന്ന രീതി മുന്നണി മര്യാദ കാറ്റിൽ പറത്തുന്നതാണെന്നാണു സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.

പ്രശ്നത്തിൽ സിപിഐ പിൻവാങ്ങിയാൽ അതു കണക്കിലെടുത്തു നീങ്ങും. മറിച്ച് സർക്കാരിനും മുന്നണിക്കും നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കാനാണ് ഉദ്ദേശ്യമെങ്കിൽ കർശനമായി സമീപിക്കും. പറയാനുള്ളതു പരസ്പരം പറഞ്ഞ സാഹചര്യത്തിൽ കൂടുതലൊന്നും ഇനി സിപിഐക്കു പറയാനില്ലെന്ന് ഇന്നലെ രാവിലെ അസി. സെക്രട്ടറി കെ.പ്രകാശ് ബാബു പ്രതികരിച്ചിരുന്നു. മന്ത്രി ചാണ്ടി രാജിവയ്ക്കുക കൂടി ചെയ്ത സാഹചര്യത്തിൽ കൂടുതൽ വിവാദത്തിനില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ വെടിനിർത്തലിനാണു സിപിഐ തയാറാകുന്നതെന്ന ഈ സൂചന ഉൾക്കൊണ്ടാണു സെക്രട്ടേറിയറ്റ് ഇക്കാര്യം പരിശോധിച്ചത്. കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം നടക്കുന്നതു കൂടി കണക്കിലെടുത്തായിരുന്നു സെക്രട്ടേറിയറ്റിന്റെ വേദി തലസ്ഥാനത്തുനിന്നു മാറ്റിയത്.