സർക്കാർ നിയന്ത്രണം മാധ്യമ പ്രവർത്തനത്തെ കടങ്കഥയാക്കും: കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം∙ ഫോൺ കെണി വിവാദം അന്വേഷിച്ച പി.എസ്.ആന്റണി കമ്മിഷന്റെ റിപ്പോർട്ടിലെ മാധ്യമ പ്രവർത്തന നിയന്ത്രണ ശുപാർശകൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു വിലങ്ങിടുന്നതാണെന്നു കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ജനറൽ സെക്രട്ടറി സി.നാരായണൻ എന്നിവർ അഭിപ്രായപ്പെട്ടു. റിപ്പോർട്ടിലെ പല ശുപാർശകളും കമ്മിഷന്റെ അന്വേഷണ വിഷയങ്ങളിൽനിന്നു വേറിട്ടു നിൽക്കുന്നു.

സർക്കാർ നേരിട്ടു മാധ്യമ പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതു സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ കടങ്കഥയാക്കും. ശുപാർശകൾ സംബന്ധിച്ച നടപടി സ്വീകരിക്കുമ്പോൾ മാധ്യമ മേഖലയിലുള്ള വിദഗ്ധരുമായും കൂടിയാലോചിക്കാൻ തയാറാവണം. മുൻമന്ത്രി ശശീന്ദ്രന്റെ ഫോൺ സംഭാഷണവും അതിലേക്കു നയിച്ച സാഹചര്യവും മാധ്യമ പ്രവർത്തനത്തിന്റെ മാതൃകയായി കാണാനാവില്ല. അതുവച്ചു പത്രപ്രവർത്തനം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നതും അഭികാമ്യമല്ല.