Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമീറുൽ ഇസ്‍ലാമിന് കഴുമരം

ameer ul islam വിധി കേട്ട ശേഷം കോടതിക്കു പുറത്തേക്കു വരുന്ന അമീറുൽ ഇസ്‌ലാം. ചിത്രം: മനോരമ

കൊച്ചി∙ പെരുമ്പാവൂർ കുറുപ്പംപടിയിലെ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിലെ കുറ്റവാളി അസം നാഗോൺ സോലപത്തൂർ സ്വദേശി അമീറുൽ ഇസ്‌ലാമിനു (24) വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ന്യൂഡൽഹിയിലെ ‘നിർഭയ’ കേസിന്റെ പശ്ചാത്തലത്തിൽ, അമീറുൽ ഇസ്‌ലാം ചെയ്ത കുറ്റകൃത്യം അതിഭീകരവും അത്യപൂർവവുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ദൃക്സാക്ഷി മൊഴികളെക്കാൾ ശക്തവും വിശ്വസനീയവുമായ ശാസ്ത്രീയ തെളിവുകളാണ് അമീറിനെതിരെ പ്രോസിക്യൂഷൻ നിരത്തിയതെന്നും കോടതി പറഞ്ഞു. മാനഭംഗം അടക്കമുള്ള വിവിധ കുറ്റങ്ങൾക്കു ജീവപര്യന്തത്തിനു പുറമേ 18 വർഷം കഠിനതടവും 91,000 രൂപ പിഴയും കോടതി വിധിച്ചു. ജയിൽശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

2016 ഏപ്രിൽ 28ന് ആണു കുറ്റകൃത്യം നടന്നത്. അമീറിനെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. കൊലയ്ക്ക് ഉപയോഗിച്ച കഠാരയടക്കം കേസിലെ തൊണ്ടിമുതലായ ആയുധങ്ങൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. കോടതി വിധിയിൽ സന്തോഷമുണ്ടെന്നു കൊല്ലപ്പെട്ട യുവതിയുടെ മാതാവും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു പ്രതിഭാഗവും പ്രതികരിച്ചു. 100 പ്രോസിക്യൂഷൻ സാക്ഷികളെയും അഞ്ചു പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ച കോടതി, 310 രേഖകളും 36 തൊണ്ടികളും പരിശോധിച്ചു.

കൊല്ലപ്പെട്ട യുവതിയുടെ പേര് വിചാരണ നടപടികളുടെ ആദ്യഘട്ടത്തിൽ കോടതി രേഖകളിൽ ഉപയോഗിച്ചിരുന്നെങ്കിലും അന്തിമ വിധിന്യായത്തിൽ ഒഴിവാക്കി. മരണശേഷവും ഇരയുടെ സ്വകാര്യതയെ മാനിക്കാനാണു യുവതിയുടെ പേരിനു പകരം ഇംഗ്ലിഷ് അക്ഷരമാലയിലെ ‘ജെ’ എന്ന അക്ഷരം ഉപയോഗിക്കുന്നതെന്നും കോടതി രേഖപ്പെടുത്തി.