സ്വിറ്റ്‌സർ‌ലൻ‌ഡിലും വത്തിക്കാനിലും ഇന്ത്യയുടെ ശബ്ദമാകാൻ പാലാക്കാർ

സ്വിറ്റ്‌സർലൻഡിലെയും വത്തിക്കാനിലെയും ഇന്ത്യൻ എംബസിയിൽ രണ്ടാം സെക്രട്ടറിയായി ചുമതല ഏൽക്കുന്ന റോഷിനി തോംസൺ

പാലാ ∙ സ്വിറ്റ്‌സർലൻ‌ഡിലെയും വത്തിക്കാനിലെയും ഇന്ത്യയുടെ ചുമതല വഹിക്കുന്നതു പാലാക്കാർ. ഇവിടങ്ങളിലെ അംബാസഡറായി പാലാ പൊടിമറ്റത്തിൽ സിബി ജോർജ് സ്‌ഥാനമേറ്റിരുന്നു. ഇവിടെ രണ്ടാം സെക്രട്ടറിയായി ചുമതലയേൽക്കുന്നതു പാലാക്കാരിയായ റോഷിണി തോംസനാണ്. 

കവീക്കുന്ന് മുണ്ടന്താനത്ത് എം.എം.ജോസഫിന്റെ മകൻ അഭിലാഷിന്റെ ഭാര്യയാണു റോഷിണി. കംപ്യൂട്ടർ ഗെയിം ഡിസൈനറാണ് അഭിലാഷ്. മത്സ്യഫെഡിൽ ഉദ്യോഗസ്‌ഥനായ വടക്കൻ പറവൂർ പുത്തൻവേലിക്കര പാലാട്ടി വീട്ടിൽ തോംസൺ ഡേവിസിന്റെ മകളാണു റോഷിണി. 

റോഷിണിയുടെ രണ്ടാമത്തെ നിയമനമാണ് ഇത്. മുൻപു പാരിസിൽ ഇന്ത്യൻ എംബസിയിൽ ഒന്നര വർഷം ജോലി നോക്കിയിരുന്നു. ഇതിനിടെ യുനെസ്‌കോയിൽ മൂന്നുമാസം ഇന്ത്യയ്‌ക്കായി പ്രവർത്തിച്ചിട്ടുണ്ട്. പാരിസിലെ സോർബോൺ സർവകലാശാലയിൽ നിന്നു റോഷിണി ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. നാളെ ബേണിലെ ഇന്ത്യൻ എംബസിയിലെത്തി റോഷിണി ചുമതലയേൽക്കും.

റോഷിണിക്കു മാർ ജേക്കബ് മുരിക്കൻ ഉപഹാരം സമ്മാനിച്ചു. എബി ജെ.ജോസ്, സാംജി പഴേപറമ്പിൽ, അഭിലാഷ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.