തിരുവനന്തപുരം∙ സഹോദരന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തുന്ന ശ്രീജിത്തിന്റെ സമരപന്തലിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത കൊല്ലം സ്വദേശി ആൻഡേഴ്സനു മർദനം. ഇന്നലെ സമരത്തിനെത്തിയ ഒരു സംഘം ആളുകളാണ് ഇദ്ദേഹത്തെ മർദിച്ചത്. നടുവിനു പരുക്കേറ്റ ആൻഡേഴ്സനെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിനു പിന്നില്ലെന്ന് ഇദ്ദേഹം മൊഴി നൽകി. ശ്രീജിത്തിന്റെ സമരപ്പന്തലിനു തൊട്ടടുത്തായി മകളുടെ മരണത്തിനു കാരണക്കാരായവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടു സമരം ചെയ്യുന്ന ദമ്പതികൾക്കു പിന്തുണ അറിയിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. ഇതിനു തൊട്ടുസമീപത്തു നിൽക്കുകയായിരുന്നു ആൻഡേഴ്സൻ.
ചെന്നിത്തലയെ അപമാനിക്കുമോ എന്നു ചോദിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നു ആൻഡേഴ്സനും പ്രവർത്തകരെ ചോദ്യം ചെയ്തു പ്രശ്നം സൃഷ്ടിച്ച ആൻഡേഴ്സൻ നാടകം കളിക്കുന്നുവെന്നു യൂത്ത് കോൺഗ്രസ് നേതാക്കളും ആരോപിച്ചു.