തിരുവനന്തപുരം ∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ് (25) പാറശാല പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. പ്രഥമവിവര റിപ്പോർട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ സിബിഐ തന്നിൽ നിന്നു മൊഴിയെടുക്കുംവരെയെങ്കിലും സെക്രട്ടേറിയറ്റിനു മുന്നിലെ സമരം തുടരുമെന്നു ശ്രീജിവിന്റെ ജ്യേഷ്ഠൻ ശ്രീജിത്ത് പറഞ്ഞു. സമരം അവസാനിപ്പിക്കാൻ അമ്മ രമണി പ്രമീണ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരണമെന്നാണു തന്റെ നിലപാടെന്നും ശ്രീജിത്ത് അറിയിച്ചു. സമരം 745 ദിവസം പിന്നിട്ടു.