കസ്റ്റഡി മരണം: സിബിഐ നടപടി തുടങ്ങി; ശ്രീജിത്ത് സമരം നിർത്തി

തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷ​ണം ആവശ്യപ്പെട്ടു ശ്രീജിത്ത് നടത്തിയ നിരാഹാര സമരത്തിനു സമാപനം. ശ്രീജിത്തിൽ നിന്നു സിബിഐ മൊഴിയെടുത്തതിനെ തുടർന്നാണു സെക്രട്ടേറിയറ്റിനു മുന്നിൽ 782 ദിവസമായി നടത്തിയിരുന്ന സമരം അവസാനിപ്പിച്ചത്. തുടർന്നു നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിബിഐ അന്വേഷണം ആരംഭിച്ചുവെങ്കിലും ശ്രീജിത്ത് സമരം അവസാനിപ്പിച്ചിരുന്നില്ല. ഇന്നലെ സിബിഐ ഓഫിസിൽ ശ്രീജിത്തിന്റെയും അമ്മ രമണി പ്രമീളയുടെയും മൊഴി രേഖപ്പെടുത്തി. മൊഴിയെടുക്കൽ രാവിലെ 10 മുതൽ ഉച്ചവരെ നീണ്ടു. ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്നും ആത്മഹത്യാകുറിപ്പ് ഉണ്ടെന്നുമുള്ള പൊലീസിന്റെ വാദങ്ങൾ ഇരുവരും നിഷേധിച്ചു. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് ഇതു കസ്റ്റഡി മരണമാണെന്നു കണ്ടെത്തിയ കാര്യവും ഇവർ അറിയിച്ചു. തുടർന്നു സമരസ്ഥലത്തു മടങ്ങിയെത്തിയ ശേഷമാണു സമരം അവസാനിപ്പിക്കുന്നതായി ശ്രീജിത്ത് അറിയിച്ചത്.

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തവെ ലഭിച്ച ആൽമരത്തൈ ഒരു കവറിൽ നട്ടു സൂക്ഷിച്ചിരുന്നു. അതുമായാണു നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിലേക്ക് അമ്മയ്ക്കൊപ്പം മടങ്ങിയത്. അവിടെ ശ്രീജിവിനെ സംസ്കരിച്ച സ്ഥലത്ത് ഈ തൈ നടും. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജിത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നു ഡോക്ടർമാർ അറിയിച്ചു. എന്നാൽ അപകടനിലയിലല്ല. ഇത്രയും നീണ്ടു പോയ സമരത്തിനിടെ കാറ്റും മഴയും വെയിലുമേൽക്കുകയും റോഡിലെ പൊടി ശ്വസിക്കുകയും ചെയ്യേണ്ടി വന്നതിന്റെ പ്രശ്നങ്ങളാണുള്ളത്. ഒരാഴ്ച ആശുപത്രിയിൽ കഴിയേണ്ടിവരും.

2014 മേയ് 19 നാണ് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയിൽ എടുത്തത്. സെല്ലിൽ കിടന്ന ശ്രീജിവ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായി പിറ്റേന്നു പൊലീസ് വീട്ടുകാരെ അറിയിച്ചു. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21 നാണ് മരിച്ചത്.