തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡിമരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു പാറശാല സ്വദേശി ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം പുനരാരംരംഭിച്ചു. സിബിഐ മൊഴി രേഖപ്പെടുത്തിയതിനെത്തുടർന്നു സമരം അവസാനിപ്പിച്ചു മടങ്ങിയ ശ്രീജിത്ത്, ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയും കുറ്റക്കാർക്കെതിരായ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടുമാണു വീണ്ടും സമരം ചെയ്യുന്നത്.
കേസിൽ ഉൾപ്പെട്ടതു സമീപവാസികളായതിനാൽ വീട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു ശ്രീജിത്ത് പറഞ്ഞു. ജീവനു സംരക്ഷണം തേടിയാണു വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്. ആദ്യഘട്ടത്തിൽ 782 ദിവസമാണു ശ്രീജിത്ത് സമരം ചെയ്തത്.
സമൂഹമാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ സമരം ദേശീയശ്രദ്ധ നേടി. തുടർന്നു സിബിഐ കേസ് എറ്റെടുക്കുകയും ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അപ്പോഴാണു സമരം അവസാനിപ്പിച്ചു വീട്ടിലേക്കു മടങ്ങി ആശുപത്രിയിൽ ചികിത്സ തേടിയത്.
രണ്ടു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണു സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഇപ്പോൾ വീണ്ടും എത്തിയത്. സമരത്തിൽ പങ്കുചേർന്ന സമൂഹമാധ്യമ കൂട്ടായ്മക്കാരിൽ ഒരു വിഭാഗം തന്റെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്നും ശ്രീജിത്ത് ആരോപിച്ചിരുന്നു.