പ്രമുഖ സാഹിത്യകാരൻ കെ.പാനൂർ അന്തരിച്ചു

കെ.പാനൂർ

പാനൂർ (കണ്ണൂർ) ∙ പ്രമുഖ സാഹിത്യകാരനും സംസ്ഥാന മനുഷ്യാവകാശ ഏകോപന സമിതി ചെയർമാനുമായിരുന്ന കെ.പാനൂർ (കുഞ്ഞിരാമൻ പാനൂർ–91) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 12.30നാണ് അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് നാലിനു പാനൂരിലെ വീട്ടുവളപ്പിൽ.

കേരളത്തിൽ രാഷ്ട്രീയ–സാമൂഹികരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ‘കേരളത്തിലെ ആഫ്രിക്ക’ ഉൾപ്പെടെ പ്രമുഖ കൃതികൾ രചിച്ചിട്ടുണ്ട്. റവന്യു വകുപ്പിൽ ഡപ്യൂട്ടി കലക്ടറായിരിക്കെ വയനാട്ടിൽ ട്രൈബൽ പ്രോജക്ട് ഓഫിസറായിരുന്നു. ആ കാലത്ത് കേരളത്തിലെ ആദിവാസികളുടെ ദുരിതം തിരിച്ചറിയുകയും കേരളത്തിലെ ആഫ്രിക്ക എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. കേരള നിയമസഭയിൽ വരെ വിവാദവിഷയമായിരുന്നു ഈ പുസ്തകം.

മലകൾ താഴ്‍വരകൾ–മനുഷ്യർ, ഹാ നക്സൽബാരി, കേരളത്തിലെ അമേരിക്ക, സഹ്യന്റെ മക്കൾ, എന്റെ ഹൃദയത്തിലെ ആദിവാസി എന്നിവയാണ് പ്രധാന കൃതികൾ. ഉയരും ഞാൻ നാടാകെ എന്ന ചലച്ചിത്രം കേരളത്തിലെ ആഫ്രിക്ക, മലകൾ താഴ്‍വരകൾ–മനുഷ്യർ എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് നിർമിച്ചത്.

യുനസ്കോ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാംസ്കാരിക വകുപ്പ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1927 ജനുവരി പത്തിനാണ് പുതിയ വീട്ടിൽ കുഞ്ഞിക്കണ്ണന്റെയും മുതുവന കുങ്കിയുടെയും മകനായി ജനിച്ചത്. ഭാര്യ: ഹീരാഭായി. മക്കൾ: ഹിരൺകുമാർ, ഹരീഷ് (ചെന്നൈ), യമുലാൽ, ഹെൽന. മരുമക്കൾ: സബീന, ഷിജിന, സൗമ്യ, ഹരീഷ് (അബുദാബി).  സഹോദരങ്ങൾ: നാണി അമ്മ (കതിരൂർ), പരേതരായ പി.കൃഷ്ണൻ, പി.വി.ബാലൻ.