കേരളത്തിലെ ഏഴു പാസഞ്ചറുകൾ നിർത്താൻ റെയിൽവേ നീക്കം

പാലക്കാട്∙ദക്ഷിണ റെയിൽവേയിൽ ഇരുപതോളം പാസഞ്ചർ സർവീസുകൾ കടുത്ത നഷ്ടത്തിലാണെന്നു വിലയിരുത്തി നിർത്താൻ നീക്കം. കേരളത്തിൽ ഓടുന്ന ഏഴു പാസഞ്ചർ ട്രെയിനുകളും ഇതിൽപ്പെടും.

പാലക്കാട് ഡിവിഷനിലെ കോയമ്പത്തൂർ–ഷൊർണൂർ–കോയമ്പത്തൂർ (മെമു), തിരുവനന്തപുരം ഡിവിഷനിലെ തൃശൂർ–ഗുരുവായൂർ (രണ്ടു സർവീസ്), എറണാകുളം–കൊല്ലം (രണ്ടു സർവീസ്), നാഗർകോവിൽ–തിരുവനന്തപുരം, മധുര ഡിവിഷനിലെ പുനലൂർ–കൊല്ലം എന്നിവയാണു നഷ്ടത്തിലോടുന്ന ട്രെയിനുകൾ. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഇവ ലാഭത്തിലാക്കാൻ മാർഗങ്ങൾ കണ്ടെത്തുകയോ അല്ലാത്ത പക്ഷം നിർത്തുകയോ ചെയ്യാനാണു ഡിവിഷനുകൾക്കു ലഭിച്ച നിർദേശം.

ഇപ്പോഴുള്ള സർവീസുകളുടെ സമയമാറ്റം ഗുണകരമാവുമോ, ട്രെയിൻ അല്ലാതെ യാത്രക്കാർക്കു മറ്റു മാർഗങ്ങൾ ലഭ്യമാണോ, സർവീസ് നിലനിർത്താൻ ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് ഇടപെടലുകൾ ഉണ്ടാവുമോ എന്നെല്ലാം പരിശോധിച്ച ശേഷം യുക്തമായ തീരുമാനം എടുക്കാനാണു ലഭിച്ച നിർദേശം. ഇവ ഓടിക്കാതിരിക്കുന്നതു റെയിൽവേക്കു ലാഭകരമാവുമോ എന്നും പരിശോധിക്കണം.

സമാന്തരമായി ധാരാളം ബസ് സർവീസുള്ള സ്ഥലങ്ങളിൽ ചില പ്രത്യേക സമയങ്ങളിൽ ഓടുന്ന ട്രെയിനുകളാണു നഷ്ടത്തിലെന്നു കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. ബസ് സർവീസ് കുറവായ നിലമ്പൂർ ലൈനിൽ ട്രെയിനുകളെല്ലാം നിറഞ്ഞാണു സർവീസ് നടത്തുന്നത്.