വിവാദങ്ങൾ അവസാനിപ്പിക്കണം എന്നു ഹാദിയ

ഹാദിയ കോഴിക്കോട് വാർത്താസമ്മേളനത്തിനിടെ. (ടിവി ദൃശ്യം)

കോഴിക്കോട്∙ മതപരിവർത്തനവും വിവാഹവുമായി ബന്ധപ്പെട്ടു തന്റെ പേരിൽ നടന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഇനി ഒരു വിവാദം ഉണ്ടാകരുതെന്നും ഹാദിയ. 

മത പരിവർത്തനവും വിവാഹവും തന്റെ ഇഷ്ടപ്രകാരം ബോധ്യത്തോടെ ചെയ്ത കാര്യങ്ങളാണ്. തന്റെ വ്യക്തി സ്വാതന്ത്ര്യം രാജ്യത്തെ പരമോന്നത കോടതി അനുവദിച്ചു നൽകിയ സാഹചര്യത്തിൽ സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നത്. ആരോടും പിണക്കമില്ല. 

തന്റെ മാതാപിതാക്കളെ ദേശവിരുദ്ധ ശക്തികൾ ഉപയോഗിക്കുകയാണ്. തന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. പുറത്തു പറയേണ്ടി വന്ന പല കാര്യങ്ങളിലും താൻ മാതാപിതാക്കളോടു മാപ്പു ചോദിക്കുകയാണെന്നും ഹാദിയ പറഞ്ഞു. 

കോടതി വിധിക്കു ശേഷം മാതാപിതാക്കളെ വിളിച്ചിട്ടില്ല. വീട്ടിലേക്കു മടങ്ങാൻ തന്നെയാണ് തീരുമാനം. എന്നാൽ, അതിനു മുൻപ് സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ മാതാപിതാക്കൾക്കു സമയം നൽകും.  മാതാപിതാക്കളെ മോശക്കാരാക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. ജീവിതത്തിലെ രണ്ടു വർഷം നഷ്ടപ്പെടുത്തിയതിനു സർക്കാരിനോടു നഷ്ടപരിഹാരം ചോദിക്കുകയാണ്. 

തന്റെ വ്യക്തിത്വത്തിന് ഒരു പ്രാധാന്യവും നൽകാത്ത വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്. പഠനം തുടരാനാണ് തീരുമാനം. ഇന്നു കോളജിൽ പോകും. അഖില എന്ന പേരു മാറ്റാൻ നിയമപരമായ നടപടി തുടങ്ങി.  ഭർത്താവ് ഷെഫിൻ ജഹാനുമൊത്താണ് ഹാദിയ മാധ്യമങ്ങളെ കണ്ടത്.