നൽകിയത് കുറഞ്ഞ പ്രതിഫലം; വംശീയ വിവേചനമെന്ന് ‘സുഡാനി’ താരം

കൊച്ചി ∙ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന മലയാള ചിത്രത്തിൽ മുഖ്യവേഷം ചെയ്ത നൈജീരിയയിൽ നിന്നുള്ള കൗമാരനടൻ സാമുവൽ അബിയോള റോബിൻസൺ, തനിക്കു മതിയായ പ്രതിഫലം നൽകിയില്ലെന്ന ആരോപണവുമായി രംഗത്ത്. ഇക്കാര്യത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾ തന്നോടു വംശീയ വിവേചനമാണു കാണിച്ചതെന്നും സാമുവൽ ആരോപിക്കുന്നു. നൈജീരിയയിൽ നിന്നു ഫെയ്സ്ബുക് കുറിപ്പുകളിലൂടെയും വിഡിയോ സന്ദേശത്തിലൂടെയുമാണ് ആരോപണങ്ങളുമായി താരം രംഗത്തെത്തിയത്.

മലയാള സിനിമയിൽ പുതുമുഖ നടൻമാർക്കു 10 മുതൽ 20 ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കുമ്പോൾ തനിക്ക് 1.80 ലക്ഷം രൂപയാണ് ആകെ ലഭിച്ചത്. ഏതാനും യുവതാരങ്ങളുമായി ചർച്ച ചെയ്തപ്പോഴാണു കുറഞ്ഞ തുകയാണു തനിക്കു നൽകിയതെന്നു മനസ്സിലായത്. താൻ കറുത്തവർഗക്കാരനായതിനാലാണ് ഈ അനുഭവം. ചിത്രം വിജയിച്ചാൽ കൂടുതൽ തുക നൽകാമെന്ന വാഗ്ദാനവും പാലിച്ചില്ല. ചിത്രത്തിന്റെ പ്രമോഷനു വേണ്ടി കേരളത്തിൽ പിടിച്ചുനിർത്താനായിരുന്നു ഇത്. തന്റെ പ്രായവും അറിവില്ലായ്മയും മുതലെടുത്തു. അഭിനേതാവ് എന്ന നിലയിൽ ചൂഷണം ചെയ്തു. തനിക്കു മാന്യമായ പ്രതിഫലം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും സാമുവൽ ആവശ്യപ്പെടുന്നു.

അതേസമയം, ചിത്രത്തിന്റെ സംവിധായകൻ തന്നെ സഹായിക്കാൻ പരമാവധി ശ്രമിച്ചതായും പ്രതിഫലക്കാര്യത്തിലല്ലാതെ കേരളത്തിൽ യാതൊരുവിധ വംശീയ വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്നും സാമുവൽ വിശദീകരിച്ചു.

‘ചില കേന്ദ്രങ്ങൾ തെറ്റിദ്ധരിപ്പിച്ചു’

സാമുവൽ റോബിൻസന്റെ വംശീയ വിവേചന ആരോപണം ഏറെ വേദനിപ്പിക്കുന്നതാണെന്നു ചിത്രത്തിന്റെ നിർമാതാക്കളായ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ പറഞ്ഞു. ചെറിയ ബജറ്റിൽ നിർമിക്കുന്ന ചിത്രമാണിതെന്ന് അറിയിക്കുകയും ഇതുപ്രകാരം നൽകാൻ കഴിയുന്ന പ്രതിഫലത്തെക്കുറിച്ചു ധാരണയാവുകയും രേഖാമൂലം സമ്മതിക്കുകയും ചെയ്തതാണ്. കരാർ പ്രകാരമുള്ള മുഴുവൻ തുകയും നൽകി. അതൃപ്തിയുണ്ടായിരുന്നെങ്കിൽ ചിത്രവുമായി സഹകരിക്കാതിരിക്കാനുള്ള പൂർണ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമ വിജയിച്ചാൽ സമ്മാനത്തുക എന്ന നിലയിൽ ഒരു വിഹിതം ലഭ്യമാക്കാൻ കഴിയുമെന്ന പ്രത്യാശ അദ്ദേഹവുമായി പങ്കുവച്ചിരുന്നു. ഇതു കരാറിനു പുറത്തായിരുന്നു. നിലവിൽ സിനിമ വിജയമാണെങ്കിലും ലാഭവിഹിതം ലഭ്യമാവാൻ സമയമെടുക്കും. ചില കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സാമുവലിന്റെ പ്രതികരണമെന്നു കരുതുന്നതായും നിർമാതാക്കൾ വ്യക്തമാക്കി.

മലബാറിലെ സെവൻസ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ, ആഫ്രിക്കയിൽ നിന്നെത്തിയ കളിക്കാരനും നാട്ടുകാരുമായുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ‘സുഡാനി ഫ്രം നൈജീരിയ’ നവാഗതനായ സക്കരിയ ആണു സംവിധാനം ചെയ്തത്.