കൊച്ചി/കൊല്ലം ∙ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ കൊല്ലം അജിത്ത് (58) അന്തരിച്ചു. കരൾ രോഗത്തെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. കൊച്ചിയിലും ജന്മനാടായ കൊല്ലത്തു കടപ്പാക്കട ഹരി നിവാസിലും പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ നടൻ മമ്മൂട്ടി, നടനും കൊല്ലം എംഎൽയുമായ മുകേഷ് എന്നിവരുൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ടോടെ പോളയത്തോട് ശ്മശാനത്തിൽ സംസ്കാരം നടത്തി. ഭാര്യ: പ്രമീള. മക്കൾ: ഗായത്രി, ശ്രീഹരി.
1983ൽ പുറത്തിറങ്ങിയ ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിലൂടെയാണു സിനിമയിൽ എത്തിയത്. സംവിധായകൻ പത്മരാജനാണ് ആദ്യ അവസരം നൽകിയത്. പിന്നീടു പത്മരാജൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. യുവജനോത്സവം, അകലത്തെ അമ്പിളി, പൂവിനു പുതിയ പൂന്തെന്നൽ, നാടോടിക്കാറ്റ്, നിർണയം, പാണ്ടിപ്പട, പ്രജാപതി, ബ്രിട്ടിഷ് മാർക്കറ്റ്, മനു അങ്കിൾ, ലാൽസലാം, ആറാം തമ്പുരാൻ, നരസിംഹം, വല്ല്യേട്ടൻ തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ടു. ഇവൻ അർധനാരി, സിംഹാസനം (2012) എന്നീ സിനിമകളിലാണു അവസാനമായി അഭിനയിച്ചത്. കോളിങ് ബെൽ, പകൽ പോലെ എന്നീ രണ്ടു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തു.
തിരുവല്ല വല്ലഭശ്ശേരി കുടുംബാംഗം പരേതനായ റെയിൽവേ ഉദ്യോഗസ്ഥൻ ഹരിദാസിന്റെയും ദേവകിയമ്മയുടെയും മകനാണ് അജിത്ത്. സംവിധായകൻ അനിൽ ദാസ് സഹോദരനാണ്.