Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദർ മേരി സെലിൻ ദൈവദാസി: നാമകരണ നടപടിക്കു തുടക്കം

Mother Mary Selin മദർ മേരി സെലിൻ

കൊച്ചി ∙ കർമലീത്താ സന്യാസിനി സമൂഹാംഗം (സിഎംസി) മദർ മേരി സെലിൻ ഇനി ദൈവദാസി. നാമകരണ നടപടികൾക്കു തുടക്കം കുറിക്കുന്ന പ്രഖ്യാപനം സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം മേജർ ആർച്ച് ബിഷപ്‌സ് ഹൗസിൽ നിർവഹിച്ചു.

നാമകരണ നടപടികളുടെ ട്രൈബ്യൂണൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, സിഎംഐ പ്രിയോർ ജനറൽ ഫാ.ഡോ. പോൾ ആച്ചാണ്ടി, അതിരൂപതാ ചാൻസലർ ഫാ.ഡോ. ജോസ് പൊള്ളയിൽ, സിഎംസി മദർ ജനറർ സിസ്റ്റർ സിബി, നാമകരണ നടപടികളുടെ പ്രമോട്ടർ ഓഫ് ജസ്റ്റിസ് ഫാ.ഡോ. ബിജു പെരുമായൻ, പോസ്റ്റുലേറ്റർ സിസ്റ്റർ ആവില, സിഎംസി മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. പ്രസന്ന എന്നിവർ പ്രസംഗിച്ചു.

ദൈവാനുഭവത്തിന്റെ ആഴവും വിശുദ്ധിയും നിറഞ്ഞ ജീവിതമായിരുന്നു ദൈവദാസി മദർ മേരി സെലിന്റേതെന്നു മാർ ആലഞ്ചേരി പറഞ്ഞു. സന്യസ്ത ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവമാണു ജീവിതവിശുദ്ധി. സമൂഹത്തിൽ പ്രകാശിപ്പിക്കുമ്പോഴും പ്രതിഫലിപ്പിക്കപ്പെടുമ്പോഴുമാണു വിശുദ്ധി പൂർണതയിലെത്തുക.

സന്യാസ ജീവിതത്തിലെയും നേതൃത്വ ശുശ്രൂഷയിലെയും മഹനീയ മാതൃകയാണു മദർ മേരി സെലിന്റേത്. മദറിന്റെ പ്രാർഥന ആഴങ്ങളിലേക്കും പ്രവർത്തനം മനുഷ്യ ഹൃദയങ്ങളിലേക്കും പടർന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ മകൾ ദൈവദാസിയായി ഉയർത്തപ്പെടുന്നത് അതീവ സന്തോഷകരമാണെന്നും കർദിനാൾ പറഞ്ഞു.