ബിഎസ്എഫ് കമൻഡാന്റ് കൈക്കൂലി കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്നു ഹാജരാക്കണം

തിരുവനന്തപുരം ∙ ബിഎസ്എഫ് കമൻഡാന്റ് ജിബു ഡി.മാത്യു രാജ്യാന്തര കള്ളക്കടത്തുകാരിൽ നിന്ന് അരക്കോടി രൂപ കൈക്കൂലി വാങ്ങിയ കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്നു ഹാജരാക്കാൻ സിബിഐയോടു കോടതി നിർദേശിച്ചു.  

നിയമപരമായി പ്രതികൾക്കു ജാമ്യം അനുവദിക്കാനുള്ള സമയം സിബിഐ കാത്തിരിക്കുകയാണോയെന്നു കോടതി ചോദിച്ചു. രാജ്യാന്തര  കള്ളക്കടത്തുകാരനു ജാമ്യം നൽകാൻ സിബിഐ കോടതിയെ നിർബന്ധിതമാക്കരുതെന്നും ജഡ്‌ജി അന്വേഷണസംഘത്തിനു മുന്നറിയിപ്പു നൽകി.  രണ്ടാം പ്രതി മുഹമ്മദ് ഇമാമുൾ ഹഖ് എന്ന ബിഷു ഷെയ്ഖിന്റെ ജാമ്യാപേക്ഷയിൽ വാദം പറയുന്നതിനിടയിലാണു കോടതിയുടെ ഈ പരാമർശം. 

എന്നാൽ കേസിൽ അന്വേഷണം നടക്കുകയാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാൽ ജാമ്യം നൽകരുതെന്നും സിബിഐ അഭിഭാഷകൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കൊൽക്കത്തയിലും ബംഗാളിലുമായി അന്വേഷണം നടത്തുകയാണെന്ന സിബിഐയുടെ വാദം കോടതി കണക്കിലെടുത്തില്ല. 

അന്വേഷണ പുരോഗതി റിപ്പോർട്ട് കണക്കിലെടുത്ത ശേഷമേ ജാമ്യാപേക്ഷയിൽ വിധി പറയുകയുള്ളൂവെന്നും ജഡ്‌ജി വ്യക്തമാക്കി. രാജ്യാന്തര കള്ളക്കടത്തുകാരനായ ബിഷു ഷെയ്ഖിനു വേണ്ടി ഹാജരായതു മുൻ സോളിസിറ്റർ ജനറൽ ഫാറൂഖ് എം.റസാഖാണ്. മുപ്പതു ദിവസമായി ബിഷു ഷെയ്ഖ് സിബിഐ കസ്റ്റഡിയിൽ കഴിയുകയാണെന്നും അന്വേഷണം പൂർത്തിയായി തെളിവുകൾ ശേഖരിച്ചെന്നും പ്രതിഭാഗം വാദിച്ചു. 

ജാമ്യാപേക്ഷയിൽ ഇന്നു വിധിപറയും. ബിഷു ഷെയ്ഖിനെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ നൽകി. കഴിഞ്ഞ മാസം നാലിനാണു ജിബു ഡി. മാത്യുവിനു കൈക്കൂലി നൽകിയെന്നതിനു ബിഷു ഷെയ്ഖിനെ കൊൽക്കത്തയിൽ നിന്നു സിബിഐ പിടികൂടിയത്. ഇന്ത്യ – ബംഗ്ലദേശ് അതിർത്തിയിൽ എത്തുന്ന കള്ളക്കടത്തുകാർക്കു ബിഎസ്എഫ് കമൻഡാന്റ് ജിബു വഴിവിട്ട സഹായങ്ങൾ ചെയ്‌തിരുന്നതു ബിഷു ഷെയ്ക്കിന്റെ നിർദേശ പ്രകാരമാണെന്നാണു സിബിഐ കണ്ടെത്തൽ.