ചെന്നൈ ∙ വീട്ടിലെ കല്യാണദിവസം കാരണവരുടെ പിറന്നാൾ കൂടിയായാൽ എങ്ങിനെയിരിക്കും. അത്തരമൊരു ഇരട്ടി മധുരത്തിനാണ് ഇന്നലെ ചെന്നൈയിലെ ഗ്രീൻ ട്രീ ഹോട്ടൽ വേദിയായത്. ഇന്ത്യൻ സിങ്ങേഴ്സ് റൈറ്റ്സ് അസോസിയേഷന്റെ റോയൽറ്റി വിതരണ പരിപാടി നേരത്തേ നിശ്ചയിച്ചതാണ്. ചടങ്ങിനു മണിക്കൂറുകൾക്കു മുൻപാണു ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വന്നത്. കൂട്ടായ്മയുടെ കാരണവരായ ഗാനഗന്ധർവൻ യേശുദാസിനു മികച്ച ഗായകനുള്ള പുരസ്കാരം.
ഇതോടെ, റോയൽറ്റി വിതരണച്ചടങ് അനുമോദന, ആഘോഷ ചടങ്ങായി മാറി. പുതു തലമുറയിലെയും പഴയ തലമുറയിലെയും ഗായകർക്കൊപ്പം കേക്കു മുറിച്ച് യേശുദാസ്, എട്ടാമത്തെ ദേശീയ അവാർഡിന്റെ സന്തോഷം പങ്കിട്ടു. വാണിജ്യാടിസ്ഥാനത്തിൽ പാട്ട് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന റോയൽറ്റി അസോസിയേഷന്റെ നേതൃത്വത്തിൽ വീതം വയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതുപ്രകാരമുള്ള ആദ്യത്തെ വിതരണച്ചടങ്ങാണ് ഇന്നലെ നിശ്ചയിച്ചിരുന്നത്.
ഉച്ചയ്ക്കു രണ്ടരയോടെ വേദിയിൽ ഗായകർ വന്നുതുടങ്ങി. എല്ലാവർക്കും പങ്കുവയ്ക്കാനുണ്ടായിരുന്നത് അവാർഡിന്റെ ആഹ്ലാദം. മൂന്നരയോടെ ഗാന നായകനെത്തിയപ്പോൾ സദസ്സ് കയ്യടികളോടെ വരവേറ്റു. പി.സുശീല, എസ്.പി.ബാലസുബ്രഹ്മണ്യം, കെ.എസ്.ചിത്ര, വാണി ജയറാം മുതൽ യേശുദാസിന്റെ മകൻ വിജയ് വരെ സദസ്സിലുണ്ടായിരുന്നു. സമ്മേളനം യേശുദാസിനുള്ള അനുമോദനച്ചടങ്ങായി മാറി. അസോസിയേഷൻ സ്വരൂപിച്ച 51,77,704 രൂപ ചടങ്ങിൽ വിതരണം ചെയ്തു.