പത്തനംതിട്ട∙ സംഘടനയിലെ നോക്കുകൂലിക്കാർക്കെതിരെ ശക്തമായ നടപടിയെന്ന നിർദേശത്തിനു ചർച്ചയൊരുക്കി സിഐടിയു സംസ്ഥാന കൗൺസിലിന് ഇന്നു തുടക്കമാകും. ഇന്ന് വൈകിട്ട് അഞ്ചിനു തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും ജില്ലാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൗൺസിൽ സമ്മേളനം അഞ്ചിനും ആറിനും നടക്കും. സംസ്ഥാന കൗൺസിൽ യോഗം മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിലാണ് നടക്കുക. സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. ആറിന് സമ്മേളനം സമാപിക്കും. 416 പേരാണ് കൗൺസിൽ പ്രതിനിധികൾ.
സംസ്ഥാന സമ്മേളനം കഴിഞ്ഞാൽ അടുത്ത സംസ്ഥാന സമ്മേളനത്തിനിടെ രണ്ടു സംസ്ഥാന കൗൺസിൽ ചേരണമെന്നാണ് സംഘടനാ വ്യവസ്ഥ. സംസ്ഥാന സമ്മേളനം കഴിഞ്ഞുള്ള രണ്ടാമത്തെ കൗൺസിലാണ് ഇന്നു തുടങ്ങുന്നത്.
നോക്കുകൂലി നിർത്തലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാൻ കർശന നടപടികളിലേക്കു തന്നെ സിഐടിയുവിനു പോകേണ്ടിവരുമെന്നതിനാൽ കൗൺസിൽ യോഗത്തിന്റെ പ്രധാന അജൻഡകളിലൊന്നാണ് നോക്കുകൂലി പ്രശ്നം. നോക്കുകൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ െചയ്യുന്ന സിഐടിയു അംഗങ്ങളെ മുഖം നോക്കാതെ പുറത്താക്കൽ ഉൾപ്പെടെ നടപടിക്കു മടിക്കരുതെന്നാണ് സിഐടിയു സംസ്ഥാന കമ്മിറ്റിയോഗത്തിൽ തീരുമാനിച്ചിരുന്നത്. അത് താഴെത്തട്ടിൽ എത്തിക്കാൻ ജില്ലാ കമ്മിറ്റികൾക്കും നിർദേശം നൽകിയിരുന്നു. തുടർന്നും ചില സ്ഥലങ്ങളിൽ നോക്കുകൂലി ആരോപണം ഉയർന്നു.
നോക്കുകൂലിയായി വാങ്ങിക്കുന്ന പണം തിരികെ വാങ്ങി കൊടുക്കുക മാത്രമല്ല, നോക്കുകൂലി വാങ്ങിയ ആളെ പുറത്താക്കുന്നതുൾപ്പെടെ നടപടിയും വേണമെന്ന നിർദേശം സിപിഎം സംസ്ഥാന നേതൃത്വവും സിഐടിയു നേതൃത്വത്തിനെ അറിയിച്ചിരുന്നു. മേയ് ഒന്നിനു ശേഷം സിഐടിയു അംഗങ്ങൾ നോക്കുകൂലി വിവാദത്തിൽപ്പെട്ടാൽ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സിഐടിയു നേതൃത്വം ജില്ലാ ഘടകങ്ങളെ അറിയിച്ചിട്ടുണ്ട്.
‘ഇനിമേൽ കരാർ തൊഴിൽ മാത്രമെന്ന കേന്ദ്രസർക്കാരിന്റെ തൊഴിൽ നയത്തിനെതിരെ ശക്തമായ തുടർ സമരങ്ങൾക്കും കൗൺസിൽ യോഗത്തിൽ തീരുമാനമാകും. കേന്ദ്രസർക്കാരിന്റെ വ്യവസായ, സാമ്പത്തിക നയങ്ങൾക്കെതിരെ പ്രമേയങ്ങളും പാസാക്കും. സെപ്റ്റംബറിൽ രാജ്യവ്യാപക സമരത്തിനും സിഐടിയു തയാറെടുക്കുകയാണ്. അതിന്റെ ഒരുക്കത്തിനുള്ള വേദിയുമാകും കൗൺസിൽ യോഗം.