കേരളത്തിനു നന്ദി പറഞ്ഞ് ന‌ടൻ സൂര്യ

തിരുവനന്തപുരം∙ നീറ്റ് പരീക്ഷയ്ക്ക് തമിഴ്നാട്ടിൽ നിന്നെത്തിയ ആയിരക്കണക്കിനു വിദ്യാർഥികൾക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കിയ കേരളത്തിലെ സർക്കാരിനും ജനങ്ങൾക്കും നന്ദി പറഞ്ഞ് നടൻ സൂര്യ. മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയും മഴവിൽ മനോരമയും ചേർന്നൊരുക്കിയ അമ്മമഴവിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണു സൂര്യ തമിഴ്ജനതയ്ക്കു വേണ്ടി നന്ദി പറഞ്ഞത്.

നീറ്റ് പരീക്ഷയെഴുതാൻ അവസാനനിമിഷം കേരളത്തിലെ കേന്ദ്രങ്ങളിലേക്കു യാത്ര ചെയ്യേണ്ടിവന്ന തമിഴ്നാട്ടിലെ വിദ്യാർഥികൾക്കായി ആരും ആവശ്യപ്പെടാതെ തന്നെ റെയിൽവേ സ്റ്റേഷനുകളിലും കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലും ഹെൽപ് സെന്ററുകളും സന്നദ്ധപ്രവർത്തകരുടെ സേവനവും ഏർപ്പെടുത്തിയ കേരളത്തിലെ സർക്കാരിനും മുഖ്യമന്ത്രിക്കും നല്ലവരായ ജനങ്ങൾക്കും മുന്നിൽ പ്രണമിക്കുന്നുവെന്നു വേദി തൊട്ടുതൊഴുതു സൂര്യ പറഞ്ഞു. വിദ്യാർഥികൾക്കു സ്വന്തം വീട്ടിലും നാട്ടിലുമെന്ന പോലെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയത്. മലയാളികളുടെ ഹൃദയവിശാലതയുടെ തെളിവാണിത്. അതുകൊണ്ടാണു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്നതെന്നും സൂര്യ പറഞ്ഞു. മമ്മൂട്ടിയെയും മോഹൻലാലിനെയും സാക്ഷിനിർത്തിയായിരുന്നു സൂര്യയുടെ നന്ദിപ്രകടനം.