‘പകരത്തിനു പകരം’: വിവാദമായി മന്ത്രി എ.കെ.ബാലന്റെ പരാമർശം

A.K. Balan

ചെങ്ങന്നൂർ∙ ഇങ്ങോട്ടു കിട്ടിയാൽ ചില സ്ഥലങ്ങളിൽ അങ്ങോട്ടു പ്രതികരണമുണ്ടാകുമെന്ന മന്ത്രി എ.കെ.ബാലന്റെ വിവാദ പ്രസ്താവന ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിലും ചർച്ചയായി. മാഹിയിലെ രാഷ്ട്രീയക്കൊലപാതകങ്ങളെപ്പറ്റി ഒരു ചാനലിനോടാണു മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ചെങ്ങന്നൂരിൽ എൽഡിഎഫ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

തുടർന്ന്, യുഡിഎഫും എൻഡിഎയും ഇതു പ്രചാരണത്തിൽ സജീവമായി ഉപയോഗിച്ചു. സിപിഎം അങ്ങോട്ട് അക്രമത്തിനു പോയിട്ടില്ലെന്നും സിപിഎമ്മിനു നേരേ അക്രമം ഉണ്ടായപ്പോൾ പ്രതികരിച്ചിട്ടുണ്ടാകുമെന്നുമാണു മന്ത്രി പറഞ്ഞത്. നിയമ വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രി കൊലപാതകത്തെ ന്യായീകരിക്കുന്നത് അപമാനകരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

മന്ത്രിയുടേതു കവലച്ചട്ടമ്പിയുടെ ഭാഷയാണെന്നായിരുന്നു വി.മുരളീധരൻ എംപിയുടെ പ്രതികരണം.