കൊച്ചി ∙ ‘അമ്മയുടെ കണ്ണീരിനു വിലയിടാനാവില്ലെങ്കിലും ദുഃഖത്തോടെ ആ ജോലി ഏറ്റെടുക്കുന്നു’– വാഹനാപകടത്തിൽ കിടപ്പിലായ മകനെ 11 വർഷത്തിലേറെയായി പരിചരിക്കുന്ന മാതാവിന്റെ ജീവിതംകൂടി കണക്കാക്കി മൊത്തം 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടുള്ള വിധിന്യായത്തിൽ ഹൈക്കോടതി പറഞ്ഞു.
ആറു വയസ്സു മുതൽ ‘കോമ’യിൽ കഴിയുന്ന തൃശൂർ ചാവക്കാട് അകലാട് കര്യാടത്തു വീട്ടിൽ ബാസിതിനു വേണ്ടി മാതാവ് മൈമുന നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. 35 ലക്ഷം മകന്റെ ഭാവി ചികിൽസയ്ക്കും 15 ലക്ഷം അമ്മയുടെ ജീവിതനഷ്ടത്തിനുള്ള പരിഹാരത്തുകയുമാണ്. തൃശൂർ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ അനുവദിച്ച 31 ലക്ഷം രൂപയ്ക്കു പുറമേയാണിത്.
2006 ഒക്ടോബറിലാണു റോഡരികിൽ നിന്ന ബാസിതിനെ കാറിടിച്ചു വീഴ്ത്തിയത്. തലയ്ക്കു ഗുരുതര പരുക്കേറ്റു ‘കോമ’യിലായ മകനെ പരിചരിക്കുന്ന മാതാവാണു യഥാർഥ ഇരയെന്നു കോടതി ചൂണ്ടിക്കാട്ടി. ഭർത്താവ് മരിച്ചു. ജോലിക്കു പോകാനുള്ള സാഹചര്യമില്ല. വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ അനുവദിച്ച 31 ലക്ഷം രൂപ ഇത്രയും കാലത്തെ ചികിൽസയ്ക്കും അതിനെടുത്ത വായ്പ തിരിച്ചടവിനും ചെലവായി. ഭാവിയിൽ ചികിൽസച്ചെലവു കൂടുമെന്ന വാദം കോടതി അംഗീകരിച്ചു.
ചികിൽസയ്ക്ക് മാസം 25,000 രൂപ
കുട്ടിയുടെ ആരോഗ്യനില അതേപടി തുടരുമെന്നും മാസംതോറും ചികിൽസയ്ക്ക് 25,000 രൂപ വേണ്ടിവരുമെന്നുമാണു മെഡിക്കൽ ബോർഡ് റിപ്പോർട്ട്. മാസം 25,000 രൂപ പലിശയായി കിട്ടണമെങ്കിൽ 35 ലക്ഷം രൂപ നിക്ഷേപം വേണമെന്നതു കണക്കാക്കിയാണു കോടതി തുക നിശ്ചയിച്ചത്. ഇതു പൂർണമായോ ഭാഗികമായോ പിൻവലിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണം.