തിരുവനന്തപുരം∙ സിനിമ തിയറ്ററുകളിൽ സിസി ടിവി ക്യാമറ നിർബന്ധമാക്കുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്റലിജൻസ് വിഭാഗം തിയറ്ററുകളിലെ ക്യാമറ സംവിധാനത്തെക്കുറിച്ചു കണക്കെടുപ്പു തുടങ്ങി. ക്യാമറ ഉള്ളവയുടെയും ഇല്ലാത്തവയുടെയും പട്ടികയാണു ശേഖരിക്കുന്നത്. ഒപ്പം, തിയറ്ററിനുള്ളിലും പുറത്തും ക്യാമറയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എടപ്പാളിൽ തിയറ്ററിനുള്ളിൽ പത്തു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതു സിസി ടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയാൻ സാധിച്ച സാഹചര്യത്തിലാണ് എല്ലായിടത്തും ക്യാമറ നിർബന്ധിതമാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത്.
മൾട്ടി പ്ലക്സ് തിയറ്ററുകളിലെല്ലാം സിസി ടിവി ക്യാമറ ഉണ്ടെന്നാണു വിവരം. എന്നാൽ അഞ്ഞൂറോളം വലിയ തിയറ്ററുകളിൽ മൂന്നിലൊന്നിൽപ്പോലും ക്യാമറ സ്ഥാപിച്ചിട്ടില്ല. ചെലവു കണക്കിലെടുത്താണു തിയറ്റർ ഉടമകൾ ഇതിൽ നിന്നു പിന്തിരിയുന്നത്.