മാവേലിക്കര ബാങ്ക് ക്രമക്കേട്: ഉത്തരവാദികൾ 35 കോടി തിരിച്ചടയ്ക്കാൻ നിർദേശം

മാവേലിക്കര ∙ താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു നഷ്ടമായ തുക ഉത്തരവാദികളായ മുൻ ജീവനക്കാർ, മുൻ ഭരണസമിതി അംഗങ്ങൾ എന്നിവരിൽ നിന്നു പലിശസഹിതം ഈടാക്കാൻ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാറുടെ നോട്ടിസ്.

സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 34.81 കോടി രൂപയുടെ നഷ്ടം, 2017 ഏപ്രിൽ ഒന്നു മുതൽ 18% പലിശ സഹിതം ഈടാക്കാനാണു നിർദേശം. ക്രമക്കേടിന് ഉത്തരവാദികളായ നാലു ജീവനക്കാരിൽനിന്നും 10 ഭരണസമിതി അംഗങ്ങൾനിന്നും 38.73 കോടി രൂപയാണു ഈടാക്കേണ്ടത്.

തഴക്കര ശാഖ മുൻ മാനേജർ ജ്യോതി മധു (12.06 കോടി), മുൻ ക്ലാർക്ക് കുട്ടിസീമ ശിവ (9.56 കോടി), മുൻ കാഷ്യർ ബിന്ദു ജി.നായർ (9.55 കോടി), മുൻ പ്രസിഡന്റ് കോട്ടപ്പുറത്ത് വി.പ്രഭാകരൻ പിള്ള, സസ്പെൻഷനിലുള്ള സെക്രട്ടറി അന്നമ്മ മാത്യു (3.25 കോടി വീതം), മുൻ ഭരണസമിതി അംഗങ്ങളായ പി.കെ.മഹേന്ദ്രൻ, മോഹനൻ (27.88 ലക്ഷം വീതം), പൊന്നപ്പൻ ചെട്ടിയാർ (26.63 ലക്ഷം), അംബികാദേവി സുനിൽകുമാർ (14.06 ലക്ഷം), കുഞ്ഞുമോൾ രാജു (4.64 ലക്ഷം), അഭിലാഷ് തൂമ്പിനാത്ത് (രണ്ടു ലക്ഷം), കുര്യൻ പള്ളത്ത് (89,120), സുജ ജോഷ്വ (44,143), കല്ലുമല രാജൻ (20,569) എന്നിവരിൽനിന്നു തുക ഈടാക്കാനാണു നിർദേശം. ജ്യോതി മധു, ബിന്ദു ജി.നായർ, കുട്ടിസീമ ശിവ എന്നിവരെ ബാങ്ക് ഭരണസമിതി സർവീസിൽനിന്നു പുറത്താക്കിയിരുന്നു.

പരാതിയുണ്ടെങ്കിൽ 30 നു രാവിലെ 11 നു ജില്ലാ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ ഓഫിസിൽ ഹാജരായി അറിയിക്കണമെന്നു നോട്ടിസിൽ പറയുന്നു. പരാതി ബോധിപ്പിച്ചില്ലെങ്കിൽ തുക ഈടാക്കാൻ സഹകരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നു നോട്ടിസിൽ വ്യക്തമാക്കുന്നു.

2016 ഡിസംബർ 23 ന്ആണു തഴക്കര ശാഖയിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തുന്നത്. തുടർന്നു സഹകരണ വകുപ്പും സഹകരണ വകുപ്പു വിജിലൻസും അന്വേഷണം ആരംഭിച്ചു. സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തിൽ തഴക്കര ശാഖയിൽ 27.76 കോടി രൂപയുടെ നിക്ഷേപ ശോഷണവും 34.8 കോടിയുടെ ധനനഷ്ടവും ഉണ്ടായതായി കണ്ടെത്തി.

അതിനിടയിൽ നിക്ഷേപക കൂട്ടായ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. മുൻ മാനേജർ ജ്യോതി മധു, മുൻ പ്രസിഡന്റ് കോട്ടപ്പുറത്ത് വി.പ്രഭാകരൻ പിള്ള, സസ്പെൻഷനിലുള്ള സെക്രട്ടറി അന്നമ്മ മാത്യു, മുൻ കാഷ്യർ ബിന്ദു ജി.നായർ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. മറ്റൊരു പ്രതിയായ കുട്ടിസീമ ശിവ ഇപ്പോഴും ഒളിവിലാണ്.