വീടുകളിൽ സോളർ പാനൽ നിർബന്ധമാക്കുന്നത് ആലോചനയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം∙ നിശ്ചിത വിസ്തീർണത്തിൽ കൂടുതലുള്ള വീടുകളിലും മറ്റും സോളർ പാനൽ നിർബന്ധമാക്കുന്ന കാര്യം ആലോചനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഊർജ കേരളാ മിഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്ക് അനുസരിച്ചു ജീവനക്കാരുടെ പ്രവർത്തന ശൈലിയും മാറണമെന്നു പിണറായി നിർദേശിച്ചു.

പുരപ്പുറത്തു സ്ഥാപിക്കുന്ന സോളർ പാനലിൽ നിന്ന് 500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. എല്ലാ സർക്കാർ കെട്ടിടങ്ങളുടെയും സർക്കാർ, എയ്‍ഡഡ് വിദ്യാലയങ്ങളുടെയും മേൽക്കൂരയ്ക്കു മുകളിൽ സോളർ പാനൽ സ്ഥാപിക്കാൻ സാധിക്കും. സ്വകാര്യ സ്ഥാപനങ്ങളെയും സഹകരിപ്പിക്കും. നമ്മുടെ നാട്ടിലെ മിക്ക വീടുകളും സോളർ പാനലുകൾ സ്ഥാപിക്കാൻ സാധിക്കുന്ന വിധത്തിൽ മെച്ചപ്പെട്ടവയാണ്. അതിനാൽ എല്ലാ വീടുകളിലും ഇതു സ്ഥാപിക്കാൻ തയാറാകണം. പാരമ്പര്യേതര ഊർജ ഉൽപാദനത്തിന്റെ കാര്യത്തിൽ അനർട്ട് ഉണർന്നു പ്രവർത്തിക്കണം. ലോകമെമ്പാടും ഈ രംഗത്ത് ഉണ്ടാകുന്ന മുന്നേറ്റം ഇവിടെയും ഉണ്ടാക്കാൻ സാധിക്കണം. പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കാൻ അനർട്ട് തയാറാകണം.

വലിയ കെട്ടിടങ്ങൾക്കു മുകളിൽ വൈദ്യുതി ബോർഡ് പണം മുടക്കി സോളർ പാനൽ സ്ഥാപിക്കും. സ്വന്തമായി സ്ഥാപിക്കേണ്ടവർക്കു ബാങ്കുകളിൽ നിന്നു കുറഞ്ഞ പലിശയ്ക്കു വായ്പ ലഭ്യമാക്കുന്നതു പരിശോധിക്കും. വൈദ്യുതി ഉപയോഗം കുറയുമ്പോൾ ബിൽ തുകയും കുറയും. ഇതിന് എൽഇഡി സ്ഥാപിക്കണം. ഇതു സൗജന്യമായി ലഭിക്കില്ല. ഇപ്പോഴത്തെ ബിൽ തുക നിശ്ചിത കാലം അടയ്ക്കുകയാണെങ്കിൽ എൽഇഡി ബൾബ് സ്ഥാപിക്കുന്ന ചെലവ് ബോർഡ് വഹിക്കും. വൈദ്യുതി ഉപയോഗത്തിൽ ഉണ്ടാകുന്ന കുറവിലൂടെ ബോർഡിനു മുടക്കു മുതൽ തിരികെ ലഭിക്കും.

സംസ്ഥാനത്തെ ജലവൈദ്യുതി ഉൽപാദനം വെറും 30% ആണ്. പുറത്തു നിന്നുള്ള വൈദ്യുതിയെ ആശ്രയിച്ചും അവരുടെ ദയയിലുമാണു നമ്മൾ മുന്നോട്ടു പോകുന്നത്. അതു മുടങ്ങിയാൽ അവതാളത്തിലാകും. ഈ സാഹചര്യത്തിലാണു നമ്മുടെ ആഭ്യന്തര ഉൽപാദനം പരമാവധി വർധിപ്പിക്കാൻ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രി എം.എം.മണിയുടെ അധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്.ശിവകുമാർ എംഎൽഎ, മേയർ വി.കെ.പ്രശാന്ത്, ഊർജ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡപ്യൂട്ടി മേയർ രാഖി രവികുമാർ, വൈദ്യുതിബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, ഡയറക്ടർ ഡോ.വി.ശിവദാസൻ, അനർട്ട് ഡയറക്ടർ ഡോ.ആർ.ഹരികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി.അനിൽകുമാർ, ഇഎംസി ഡയറക്ടർ ധരേശൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.